കോട്ടയം: മൺസൂൺ പിന്നിടുമ്പോൾ ജില്ലയിൽ മഴയുടെ അളവിൽ രേഖപ്പെടുത്തിയത് ആറു ശതമാനം കുറവ്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30വരെയുള്ള മൺസൂൺ സീസണിൽ 1905.3 മില്ലിമീറ്റർ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 1796.4 മില്ലിമീറ്റർ മഴയാണ്. ചെറിയ കുറവുണ്ടെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് മികച്ച മഴയാണ് ഇത്തവണ ലഭിച്ചതെന്നാണ് വിലയിരുത്തൽ.
ജൂൺ ആദ്യദിവസങ്ങളിൽ ശക്തമായ മഴയായിരുന്നു ജില്ലയിൽ ലഭിച്ചത്. പിന്നീട് ശക്തികുറഞ്ഞു. എന്നാൽ, ആഗസ്റ്റിൽ ഒട്ടുമിക്ക ദിവസങ്ങളിലും മഴ പെയ്തിറങ്ങി. സെപ്റ്റംബറിൽ വീണ്ടും മഴ കുറഞ്ഞു. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് തുലാവർഷത്തിനും ചൊവ്വാഴ്ച തുടക്കമായി. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ വരെയാണ് തുലാവർഷം. കാലവർഷത്തിന്റെ തുടർച്ചയായി ഇപ്പോഴും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. എന്നാൽ, തുലാവർഷ മഴ ആരംഭിക്കാൻ ഏതാനും ദിവസംകൂടി കഴിയുമെന്നാണ് വിലയിരുത്തൽ. മിന്നലിന്റെ അകമ്പടിയോടെ ഉച്ചക്കുശേഷം പെയ്യുന്ന തുലാവർഷം ഒക്ടോബറിൽ ശക്തമാകില്ലെന്നാണ് സൂചന. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊള്ളുന്ന ന്യൂനമർദവും ചക്രവാതച്ചുഴിയുമെല്ലാം നിർണായകമാണ്. എങ്കിലും ശരാശരിയെക്കാൾ മഴ ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കാലാവസ്ഥ വകുപ്പിനുള്ളത്.
മികച്ച വേനൽമഴക്കു പിന്നാലെയാണ് മികച്ച കാലവർഷവും ജില്ലയിൽ ലഭിച്ചത്. മേയ് അവസാന നാളുകളിലെ കനത്ത മഴയുടെ അടിസ്ഥാനത്തിൽ വേനൽ മഴയിൽ കോട്ടയം റെക്കോഡിട്ടിരുന്നു. മാർച്ച് ഒന്ന് മുതൽ മേയ് 31വരെ 839.7 മില്ലിമീറ്റർ മഴ കോട്ടയത്ത് പെയ്തു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഴയായിരുന്നു ഇത്.
തീക്കോയിലായിരുന്നു ഏറ്റവും കൂടുതൽ ലഭിച്ചത്. ഈരാറ്റുപേട്ട, കോഴ, പൂഞ്ഞാർ, വൈക്കം, മുണ്ടക്കയം, കോട്ടയം, കുമരകം, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളും സംസ്ഥാനത്ത് കൂടുതൽ വേനൽമഴ ലഭിച്ച പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലെത്തിയിരുന്നു. മേയ് പകുതിവരെ വേനല്‍ മഴയുടെ അളവ് ജില്ലയില്‍ 17 ശതമാനം കുറവായിരുന്നു. എന്നാൽ, മേയ് അവസാന ആഴ്ചയിലെ കനത്ത മഴയോടെയാണ് വേനൽ സീസണിൽ കോട്ടയം റെക്കോഡിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.