കോട്ടയം: നാട്ടകം കുടിവെള്ള പദ്ധതിക്കായി റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകിയേക്കും. ബുധനാഴ്ച സ്ഥലം സന്ദർശിച്ച ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രതിനിധി എസ്.കെ. പാണ്ഡെ ഇതുസംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് അധികൃതർക്ക് ഉറപ്പുനൽകി.
പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് നിർമാണം തടസ്സപ്പെട്ട നാട്ടകം കുടിവെള്ള പദ്ധതി പൂർത്തിയാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിതി വിലയിരുത്താൻ എസ്.കെ. പാണ്ഡെയെ മന്ത്രി നിയോഗിച്ചത്.
പൈപ്പ് സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നേരിൽ കണ്ട അദ്ദേഹം, ജലഅതോറിറ്റി അധികൃതരുമായി ചർച്ച നടത്തി. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരുമായും ആശയവിനിമയം നടത്തി. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറുമെന്നും എത്രയും വേഗം തീരുമാനം ഉണ്ടാകുമെന്നും ആർ.കെ. പാണ്ഡെ പിന്നീട് പറഞ്ഞു.
ഉപരിതല ഗതാഗത മന്ത്രാലയം റീജനൽ ഓഫിസർ വി.ജെ. ചന്ദ്രഗോറെ, സൂപ്രണ്ടിങ് എൻജിനീയർ ബി.ടി. ശ്രീധർ, വാട്ടർ അതോറിറ്റി എക്സി.എൻജിനീയർ ദിലീപ് ഗോപാൽ, പി.ഡബ്ല്യു.ഡി നാഷനൽ ഹൈവേ വിഭാഗം എക്സി. എൻജിനീയർ സി. രാകേഷ് എന്നിവരും പാണ്ടെക്കൊപ്പമുണ്ടായിരുന്നു.
കുടിവെള്ള പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ തീരുമാനം ഉടൻ സ്വീകരിക്കുമെന്ന് നാഷനൽ ഹൈവേ അധികൃതർ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും പറഞ്ഞു.
കോട്ടയം നഗരസഭ കൗൺസിലർമാരായ എൻ. ജയചന്ദ്രൻ, കെ. ശങ്കരൻ, ഷീന ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ, എ.കെ. ജോസഫ്, എസ്. രാജീവ്, ജോൺ ചാണ്ടി, ഷീന ബിനു, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
കോട്ടയം നഗരസഭയിലെ നാട്ടകം പ്രദേശത്തെ 30 മുതൽ 44 വരെയുള്ള വാർഡുകളിലെ ആറായിരത്തോളം വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുൻകൈയെടുത്ത് 2016ൽ ആരംഭിച്ചതാണ് നാട്ടകം കുടിവെള്ള പദ്ധതി.
ആദ്യഘട്ടത്തിൽ 12 കോടി ചെലവിട്ട് ഭൂരിഭാഗം പണികളും പൂർത്തിയാക്കിയെങ്കിലും ദേശീയ പാത മുറിച്ച് പൈപ്പിടുന്ന ജോലികൾ നടത്താൻ കഴിയാത്തത് തിരിച്ചടിയായി. കോട്ടയം കലക്ടറേറ്റ്-കഞ്ഞിക്കുഴി, മണിപ്പുഴ-മറിയപ്പള്ളി, മറിയപ്പള്ളി-കോടിമത എന്നീ ഭാഗങ്ങളിലായി നാലുകിലോമീറ്റർ ദൂരത്തിലാണ് ദേശീയപാതയിൽ പൈപ്പ് സ്ഥാപിക്കേണ്ടത്. 2020ൽ പൈപ്പ് ഇടാൻ ദേശീയ പാത അധികാരികളോട് വാട്ടർ അതോറിറ്റി അനുമതി തേടിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
മറ്റ് ജോലികളെല്ലാം പൂർത്തീകരിച്ചശേഷം 2022ൽ വീണ്ടും അനുമതി ആവശ്യപ്പെട്ടങ്കിലും ദേശീയപാത അധികൃതർ മുഖംതിരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പദ്ധതി പ്രവർത്തനം പൂർണമായും മുടങ്ങിയിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.