രേവതിമോൾ

ഇന്ന്​ ദേശീയ ഹിന്ദി ഭാഷാദിനം; രേവതിക്ക്​ ഇത്​ അഭിമാനനേട്ടം

മുണ്ടക്കയം: ഇല്ലായ്മയോട്​ പടപൊരുതിയെന്ന​ രേവതിയുടെ വാക്കുകൾ വെറുംപറച്ചിലല്ല, ജീവിതം തന്നെയാണ്​. പുസ്തകങ്ങൾ നശിക്കാതെ സൂക്ഷിക്കാൻ പോലും സൗകര്യമില്ലാത്ത കുടിലിൽനിന്ന്​, ഹിന്ദിയിൽ ഉന്നതവിജയം എത്തിപ്പിടിച്ചിരിക്കുകയാണ്​ മുണ്ടക്കയം ചെളിക്കുഴി പാറേലമ്പലം നടുവിലേ വീട്ടിൽ സുദർശൻ- ബിജി ദമ്പതികളുടെ മകൾ രേവതി മോൾ.

എം.ജി യൂനിവേഴ്​സിറ്റി ബി.എ ഹിന്ദി പരീക്ഷയിൽ നാലാംറാങ്ക് നേടിയാണ്​ ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലെ വിദ്യാർഥി രേവതി അഭിമാനമാകുന്നത്. പാറേലേമ്പലം ഭാഗത്ത് ഉയർന്ന പ്രദേശത്ത് പാറപ്പുറത്ത് കരിങ്കല്ലുകൾ ചേർത്തുവെച്ച്​ പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ നിർമിച്ച വീട്ടിൽനിന്ന്​ നേടിയ വിജയത്തിന്​ പറയാൻ വേദനയുടെ കഥകളാണ്.

കാലപ്പഴക്കത്താൽ വീട് തകർന്ന്​ നിലംപൊത്താറായി. കൂലിവേലക്കാരനായ സുദർശന്​ കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു​ ഈ കുടുംബത്തി​െൻറ ഏക ആശ്രയം. ഏറെ സാമ്പത്തികക്ലേശം അനുഭവിച്ചാണ് സുദർശനും ഭാര്യ ബിജിയും കുടുംബം പോറ്റുന്നത്. വീട് അര പട്ടിണിയിലായിട്ടും വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന്​ ഇക്കാലമത്രയും കുറവുണ്ടായിട്ടില്ല. ഇതിനിടയിൽ വിദേശത്ത് ജോലികിട്ടി സുദർശനൻ വിമാനം കയറിയെങ്കിലും പ്രതീക്ഷകളെ കോവിഡ്​ തകിടംമറിച്ചു. ഇതോടെ വരുമാനവും നിലച്ചു.

മക്കളുടെ വിദ്യാഭ്യാസം സാമ്പത്തികപ്രശ്നം മൂലം മുടങ്ങുമെന്ന അവസ്ഥയിലെത്തിയപ്പോൾ മാതാവ് ബിജി ദിവസവേതനത്തിന് ജോലിക്കിറങ്ങി. ഇതിൽനിന്നും കിട്ടിയ വരുമാനത്തിൽനിന്ന്​ മിച്ചംപിടിച്ച്​ മക്കളുടെ പഠനത്തിനായി ഉപയോഗിച്ചു. രേവതിയുടെ ഹൈസ്കൂൾ വിദ്യഭ്യാസം മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിലായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസും പ്ലസ്​ടുവിന്​ 96 ശതമാനം മാർക്കും നേടിയാണ്​ വിജയിച്ചത്. സ്കൂൾ-കോളജ് പഠനത്തിൽ വിദ്യാഭ്യാസ കലാ-കായികരംഗത്ത് രേവതി വാരിക്കൂട്ടിയ ട്രോഫികളും സമ്മാനങ്ങളും സൂക്ഷിക്കാനും ഈ കൂരയിൽ ഇടമില്ല. ഇതെല്ലാം ഒരുവശത്ത് കൂട്ടിയിട്ട നിലയിലാണ്.

റാങ്ക് തിളക്കത്തിൽ ആദ്യം രേവതിയുടെ മനസ്സിലെത്തുന്നത് ഹൈസ്കൂൾ പഠനകാലത്തെ അധ്യാപക സുജ ടീച്ചറാണ്​. ഇൗ അധ്യാപികയാണ്​ ഉന്നത വിജയത്തിനുള്ള പ്രചോദനമായത്​. ഒപ്പം മാതാപിതാക്കളുടെ പിന്തുണയും. സഹോദരി അശ്വതി പ്ലസ്​ടുവിന് പഠിക്കുന്നു. അശ്വതിയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്​ നേടിയിരുന്നു. സഹോദരൻ ജിഷ്ണു ഐ.ടി.എ വിദ്യാർഥിയാണ്.

കലാരംഗത്തും സജീവമായ രേവതി 15ലധികം കവിതകൾ എഴുതിയിട്ടുണ്ട്. ഇത്​ കോർത്തിണക്കി പുസ്തകമാക്കണമെന്നാണ്​ ആഗ്രഹം. കലാരംഗത്ത് പാട്ടുപാടുന്നതാണ്​ ഏറെ ഇഷ്​ടം. കോളജ് അധ്യാപികയാകണമെന്ന സ്വപ്​നവും പങ്കുവെച്ചു. അതിനായി തുടർവിദ്യാഭ്യാസം നടത്താനുള്ള ഒരുക്കത്തിലാണ്​. റാങ്കി​െൻറ തിളക്കുമുണ്ടായിട്ടും അനുമോദിക്കാൻ രാഷ്​ട്രീയക്കാരും ജനപ്രതിനിധികളും എത്തിയില്ലെന്നതാണ്​ ഇവരുടെ സ്വകാര്യ ദുഃഖം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.