ഇന്ന് ദേശീയ ഹിന്ദി ഭാഷാദിനം; രേവതിക്ക് ഇത് അഭിമാനനേട്ടം
text_fieldsമുണ്ടക്കയം: ഇല്ലായ്മയോട് പടപൊരുതിയെന്ന രേവതിയുടെ വാക്കുകൾ വെറുംപറച്ചിലല്ല, ജീവിതം തന്നെയാണ്. പുസ്തകങ്ങൾ നശിക്കാതെ സൂക്ഷിക്കാൻ പോലും സൗകര്യമില്ലാത്ത കുടിലിൽനിന്ന്, ഹിന്ദിയിൽ ഉന്നതവിജയം എത്തിപ്പിടിച്ചിരിക്കുകയാണ് മുണ്ടക്കയം ചെളിക്കുഴി പാറേലമ്പലം നടുവിലേ വീട്ടിൽ സുദർശൻ- ബിജി ദമ്പതികളുടെ മകൾ രേവതി മോൾ.
എം.ജി യൂനിവേഴ്സിറ്റി ബി.എ ഹിന്ദി പരീക്ഷയിൽ നാലാംറാങ്ക് നേടിയാണ് ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലെ വിദ്യാർഥി രേവതി അഭിമാനമാകുന്നത്. പാറേലേമ്പലം ഭാഗത്ത് ഉയർന്ന പ്രദേശത്ത് പാറപ്പുറത്ത് കരിങ്കല്ലുകൾ ചേർത്തുവെച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച വീട്ടിൽനിന്ന് നേടിയ വിജയത്തിന് പറയാൻ വേദനയുടെ കഥകളാണ്.
കാലപ്പഴക്കത്താൽ വീട് തകർന്ന് നിലംപൊത്താറായി. കൂലിവേലക്കാരനായ സുദർശന് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഈ കുടുംബത്തിെൻറ ഏക ആശ്രയം. ഏറെ സാമ്പത്തികക്ലേശം അനുഭവിച്ചാണ് സുദർശനും ഭാര്യ ബിജിയും കുടുംബം പോറ്റുന്നത്. വീട് അര പട്ടിണിയിലായിട്ടും വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് ഇക്കാലമത്രയും കുറവുണ്ടായിട്ടില്ല. ഇതിനിടയിൽ വിദേശത്ത് ജോലികിട്ടി സുദർശനൻ വിമാനം കയറിയെങ്കിലും പ്രതീക്ഷകളെ കോവിഡ് തകിടംമറിച്ചു. ഇതോടെ വരുമാനവും നിലച്ചു.
മക്കളുടെ വിദ്യാഭ്യാസം സാമ്പത്തികപ്രശ്നം മൂലം മുടങ്ങുമെന്ന അവസ്ഥയിലെത്തിയപ്പോൾ മാതാവ് ബിജി ദിവസവേതനത്തിന് ജോലിക്കിറങ്ങി. ഇതിൽനിന്നും കിട്ടിയ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച് മക്കളുടെ പഠനത്തിനായി ഉപയോഗിച്ചു. രേവതിയുടെ ഹൈസ്കൂൾ വിദ്യഭ്യാസം മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിലായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസും പ്ലസ്ടുവിന് 96 ശതമാനം മാർക്കും നേടിയാണ് വിജയിച്ചത്. സ്കൂൾ-കോളജ് പഠനത്തിൽ വിദ്യാഭ്യാസ കലാ-കായികരംഗത്ത് രേവതി വാരിക്കൂട്ടിയ ട്രോഫികളും സമ്മാനങ്ങളും സൂക്ഷിക്കാനും ഈ കൂരയിൽ ഇടമില്ല. ഇതെല്ലാം ഒരുവശത്ത് കൂട്ടിയിട്ട നിലയിലാണ്.
റാങ്ക് തിളക്കത്തിൽ ആദ്യം രേവതിയുടെ മനസ്സിലെത്തുന്നത് ഹൈസ്കൂൾ പഠനകാലത്തെ അധ്യാപക സുജ ടീച്ചറാണ്. ഇൗ അധ്യാപികയാണ് ഉന്നത വിജയത്തിനുള്ള പ്രചോദനമായത്. ഒപ്പം മാതാപിതാക്കളുടെ പിന്തുണയും. സഹോദരി അശ്വതി പ്ലസ്ടുവിന് പഠിക്കുന്നു. അശ്വതിയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയിരുന്നു. സഹോദരൻ ജിഷ്ണു ഐ.ടി.എ വിദ്യാർഥിയാണ്.
കലാരംഗത്തും സജീവമായ രേവതി 15ലധികം കവിതകൾ എഴുതിയിട്ടുണ്ട്. ഇത് കോർത്തിണക്കി പുസ്തകമാക്കണമെന്നാണ് ആഗ്രഹം. കലാരംഗത്ത് പാട്ടുപാടുന്നതാണ് ഏറെ ഇഷ്ടം. കോളജ് അധ്യാപികയാകണമെന്ന സ്വപ്നവും പങ്കുവെച്ചു. അതിനായി തുടർവിദ്യാഭ്യാസം നടത്താനുള്ള ഒരുക്കത്തിലാണ്. റാങ്കിെൻറ തിളക്കുമുണ്ടായിട്ടും അനുമോദിക്കാൻ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും എത്തിയില്ലെന്നതാണ് ഇവരുടെ സ്വകാര്യ ദുഃഖം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.