പാലാ: നഗരമധ്യത്തിൽ വർഷങ്ങൾക്ക് മുമ്പ് മീനച്ചിലാറിന്റെ തീരത്ത് ഗ്രീൻടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച അമിനിറ്റി സെന്റർ തുറന്നുകൊടുക്കാൻ ഇടപെടൽ നടത്തുമെന്ന് നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ. അഞ്ച് കോടിയിലധികം മുടക്കി വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത പദ്ധതി ഇതുവരെ വിവിധ തർക്കങ്ങളെ തുടർന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാവാതെ കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്.
നഗരസഭയുടെ അധീനതയിലും നിയന്ത്രണത്തിലുമുള്ള ഭൂമിയിലാണ് അമിനിറ്റി സെന്റർ പണിതതെന്ന് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ നിർമാണ ഏജൻസിയായ കിറ്റ്കോയും കോൺട്രാക്ടറും തമ്മിലുണ്ടായ തർക്കവും കോടതി കേസുമാണ് തടസ്സമായി പറഞ്ഞിരുന്നത്.
എന്നാൽ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി പൊതുപ്രവർത്തകനായ ജയ്സൺ മാന്തോട്ടത്തിന്റെ ഇതുസംബന്ധിച്ച പരാതിയിൽ നൽകിയ മറുപടിയിൽ റവന്യൂ വകുപ്പിന്റെ എൻ.ഒ.സി ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഇതിനായി വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റവന്യൂ വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും എൻ.ഒ.സി ലഭ്യമാകുന്ന മുറക്ക് തുറന്നുനൽകാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ കലക്ടർ മീനച്ചിൽ തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നിർമാണം നടത്തിയിരിക്കുന്ന ഭൂമി ളാലം വില്ലേജിൽ ഉൾപ്പെടുന്നില്ലെന്ന് കാട്ടി വില്ലേജ് ഓഫിസർ മറുപടി കത്ത് നൽകിയിട്ടുമുണ്ട്. ളാലം ബി.ടി.ആർ രജിസ്റ്ററിൽ ഈ ഭാഗം ഉൾപ്പെടുന്നില്ല.
എന്നാൽ, പഞ്ചായത്തീരാജ് ചട്ടപ്രകാരം പുഴ പുറമ്പോക്കായിട്ടുള്ള ഭൂമിയുടെ അവകാശം അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ മാത്രം നിക്ഷിപ്തമാണെന്നും ഇതിൽ റവന്യൂ വകുപ്പ് അവകാശം ഉന്നയിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി മീനച്ചിൽ തഹസിൽദാരോട് ജില്ല വികസനസമിതിയിലെ എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലതലത്തിൽ ടൂറിസം, റവന്യൂ, നഗരസഭ അധികൃതരുടെ സംയുക്തയോഗം ചേർന്ന് തർക്കങ്ങൾ അവസാനിപ്പിച്ച് നടപടികൾ പൂർത്തിയാക്കണമെന്നും ജയ്സൺ ആവശ്യപ്പെട്ടു. വർഷങ്ങളായി സർക്കാർ വകുപ്പുകൾ തർക്കങ്ങൾ ഉന്നയിച്ച് പദ്ധതി പ്രയോജനപ്പെടുത്താതെ ഇരിക്കുന്നതായി കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.
നഗരസഭ ജലവിഭവ വകുപ്പ്, ടൂറിസം വകുപ്പ് മന്ത്രിമാരോട് എത്രയുംവേഗം തർക്കം പരിഹരിച്ച് തുറന്നുകൊടുക്കാൻ നേരിട്ടുകണ്ട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയെ ഏൽപിച്ചാൽ നടത്തിക്കൊണ്ടുപോകുവാൻ കഴിയും എന്നാൽ, ഇതിനോട് ടൂറിസം വകുപ്പ് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.