കോട്ടയം: ഒരു സ്റ്റേഡിയം എങ്ങനെയാവരുത് എന്നതിന്റെ ഉദാഹരണമാണ് നിലവിൽ നാഗമ്പടത്തെ നെഹ്റു സ്റ്റേഡിയത്തിന്റെ അവസ്ഥ. പ്രഭാത വ്യായാമങ്ങൾക്കും കായികമത്സരങ്ങളുടെ പരിശീലനത്തിനും കുട്ടികളും മുതിർന്നവരും ആശ്രയിക്കുന്ന സ്റ്റേഡിയം അധികൃതരുടെ അനാസ്ഥയിൽ നാശോന്മുഖമാവുകയാണ്. എം.സി റോഡ്, കോട്ടയം റെയിൽവേ സ്റ്റേഷൻ എന്നിവയുടെ സമീപമാണ് സ്റ്റേഡിയം.
ഒമ്പത് ഏക്കർ സ്റ്റേഡിയത്തിൽ 6.5 എക്കറോളമാണ് സ്റ്റേഡിയത്തിന്റെ ഉൾവശം. മഴപെയ്താൽ വെള്ളക്കെട്ടാവുന്നത് ഈ ഭാഗമാണ്. മീനച്ചിലാറിലെ ജലനിരപ്പിൽനിന്ന് മൂന്നടി താഴ്ചയിലാണ് സ്റ്റേഡിയം. ഒരു ഫുട്ബാൾ സ്റ്റേഡിയം, 400 മീറ്റർ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്സ്, ബാസ്കറ്റ്ബാൾ സ്റ്റേഡിയം എന്നിവയാണ് നഗരസഭയുടെ അനാസ്ഥമൂലം നശിക്കുന്നത്. ചുറ്റും സ്ഥാപിച്ച സോളാർ ലൈറ്റുകളും പ്രവർത്തനരഹിതമാണ്. നഗരത്തിലെ വികസനത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് നാഗമ്പടം സ്റ്റേഡിയം.
ഒരുകാലത്ത് കായികമേളകൾക്ക് തുടർച്ചയായി വേദിയായ സ്റ്റേഡിയത്തിൽ വ്യായാമത്തിനുപോലും ആളുകൾക്ക് എത്താൻ സാധിക്കുന്നില്ല. ട്രാക്കിൽ വളർന്ന പുല്ല് വെട്ടിമാറ്റുകയോ സമീപത്തെ ഓട ശുചീകരിക്കുകയോ ചെയ്യുന്നില്ല. സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ല. ട്രാക്കിലെ കാടുവെട്ടിത്തെളിക്കുന്ന ജോലികൾ ഇടക്കിടെ നടത്തുന്നുണ്ടെങ്കിലും സ്റ്റേഡിയത്തെ പൂർണമായി പരിപാലിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഗാലറിയുടെ സ്ലാബുകൾ മിക്കതും ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മുന്നിലെ ക്രിക്കറ്റ് പ്രാക്ടീസ് നെറ്റിന്റെയും അവസ്ഥ പരിതാപകരമാണ്. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് നെഹ്റു സ്റ്റേഡിയമെന്ന് ജനങ്ങൾ പറയുന്നു. നിരവധി ഫണ്ടുകൾ ഉപയോഗിച്ച് സ്റ്റേഡിയം നവീകരിക്കാമെന്നിരിക്കെ നഗരസഭ മുൻകൈ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഗാലറിക്ക് താഴെയുള്ള കടമുറികൾ ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. കടമുറികളുടെ ശോച്യാവസ്ഥയെ സംബന്ധിച്ച് ഉടമകൾ നഗരസഭ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.