കോട്ടയം: ഇന്ന് ഉത്രാടം... ഓണവിഭവങ്ങൾ തേടി നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക്. അവസാനവട്ട വിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തുന്നവരാൽ ശനിയാഴ്ച വ്യാപാരസ്ഥാപനങ്ങൾ നിറയും. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് പൂര്‍ണതയിലെത്തുന്ന ദിവസമായതിനാൽ വിപണികളും വൻ തയാറെടുപ്പിലാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ലളിതമാക്കിയെങ്കിലും മാറ്റൊട്ടും കുറഞ്ഞിട്ടില്ല.
ഓണ സദ്യക്കുള്ള വിഭവങ്ങളും പൂക്കളും ഓണക്കോടിയുമൊക്കെ വാങ്ങാന്‍ ശനിയാഴ്ച വിപണിയില്‍ തിരക്കേറും. ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയാണ് വ്യാപാര സ്ഥാപനങ്ങള്‍ ഉത്രാടനാളിനെ വര്‍ണാഭമാക്കുന്നത്. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം രാത്രി വൈകും വരെ തിരക്ക് അനുഭവപ്പെടും. ഓണക്കച്ചവടം ലക്ഷ്യമിട്ട് പലകടകളും കൂടുതൽ സമയം തുറന്ന് പ്രവർത്തിക്കുന്നുമുണ്ട്. ഏതാനും വര്‍ഷങ്ങളായി ഉത്രാടനാളില്‍ തിരക്ക് കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
ഗതാഗതക്കുരുക്ക് ഉള്‍പ്പെടെ പ്രതീക്ഷിച്ച് നേരത്തെ വിഭവ സമാഹരണം നടത്തിയിരുന്നതാണ് തിരക്ക് കുറയാന്‍ കാരണം. എന്നാല്‍, ഇത്തവണ സ്കൂളുകൾ വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് അടച്ചത്. അതിനാൽ, പല കുടുംബങ്ങളും ഓണക്കോടി വാങ്ങുന്നതുള്‍പ്പെടെ ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. വസ്ത്രശാലകളിലും പച്ചക്കറിക്കടകളിലും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. പച്ചക്കറി വ്യാപാരികൾ കൂടുതൽ വിഭവങ്ങൾ എത്തിച്ചിട്ടുണ്ട്. കോട്ടയം നഗരത്തിലടക്കം തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള കച്ചവടക്കാർ പൂക്കളുമായി രംഗത്തുണ്ട്.
ഉത്രാടപ്പാച്ചിലിന്റെ തലേന്ന് തന്നെ തിരക്കിൽ വീർപ്പുമുട്ടി കോട്ടയം നഗരം. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളിയാഴ്ച മണിക്കൂറുകളോളം കുരുക്കിലായി. എം.സി റോഡിൽ പള്ളം മുതൽ കോടിമത വരെ വൻ ഗതാഗതക്കുരുക്കാണ് വെള്ളിയാഴ്ച രാവിലെ അനുഭവപ്പെട്ടത്. വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു റോഡിലുണ്ടായിരുന്നത്. ബസുകൾ അടക്കം മണിക്കൂറുകളോളം കുടുങ്ങി. ആംബുലൻസുകൾ പോലും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടി.
വൈകീട്ടും പള്ളം, നാട്ടകം, മണിപ്പുഴ ഭാഗങ്ങളിൽ സമാനസ്ഥിതിയായിരുന്നു. ബൈപാസിലൂടെ വാഹനങ്ങൾ കടത്തിവിട്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഇവിടെയും വാഹനങ്ങൾ നീണ്ട നിരയായി. ചിങ്ങവനം, കഞ്ഞിക്കുഴി, സംക്രാന്തി, നാഗമ്പടം എന്നിവിടങ്ങളിലും വലിയ വാഹനത്തിരക്കാണ് അനുഭവപ്പെട്ടത്. എം.സി റോഡിൽ ഏറ്റുമാനൂരിലും രണ്ടുദിവസമായി വൻ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. അരമണിക്കൂറിലേറെ സമയമെടുത്താണ് വെള്ളിയാഴ്ച വാഹനങ്ങൾക്ക് ഏറ്റുമാനൂർ നഗരത്തിന് പുറത്തേക്ക് കടക്കാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.