കോട്ടയം: ഉത്രാടപ്പാച്ചിലിനൊടുവിൽ പൊന്നോണം....തിരുവോണനിറവിൽ, ആഘോഷത്തിമിർപ്പിൽ ജില്ല. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞും ഓണസദ്യ കഴിച്ചും ഞായറാഴ്ച മലയാളികൾ തിരുവോണത്തെ വരവേൽക്കും. ഒപ്പം സമൂഹമാധ്യമങ്ങളിലും ഓണം നിറയും. തിരുവോണ തലേന്നായ ശനിയാഴ്ച നാടും നഗരവും ഉത്രാടപാച്ചിലിൽ അമർന്നു. വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് വാഹനത്തിരക്കിന് കുറവുണ്ടായിരുന്നെങ്കിലും റോഡുകളിലടക്കം തിരക്ക് അനുഭവപ്പെട്ടു.
വസ്ത്രശാലകളിലാണ് ശനിയാഴ്ച ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. പച്ചക്കറികൾ വാങ്ങാൻ കോട്ടയം മാർക്കറ്റിലേക്കും നിരവധിപേരെത്തി. വഴിയോര കച്ചവടക്കാർക്കരികിലേക്കും ആവശ്യക്കാർ ഏറെയെത്തി. ഇടക്ക് മഴ പെയ്തത് ഇവർക്ക് അലോസരം സൃഷ്ടിച്ചെങ്കിലും വേഗത്തിൽ മഴമാറിയത് കച്ചവടക്കാർക്ക് ആശ്വാസമായി.
വസ്ത്രങ്ങൾ അടക്കം വാങ്ങാനെത്തിയവർ ഉച്ചയോടെ ഭക്ഷണം കഴിക്കാനായി എത്തിയതോടെ ഹോട്ടലുകളിലും വൻ തിരക്കായി. പ്രത്യേക ഉത്രാടദിന കിഴിവുകൾ പ്രഖ്യാപിച്ചിരുന്ന ഫർണിച്ചർ, മൊബൈൽ, ഹോം അപ്ലയൻസസ് സ്ഥാപനങ്ങളിലേക്കും കൂട്ടമായി ഉപഭോക്താക്കളെത്തി. മിക്ക വ്യാപാരസ്ഥാപനങ്ങളും പൂക്കളം അടക്കം ഒരുക്കിയാണ് ഉപഭോക്താക്കളെ വരവേറ്റത്.വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും നടന്നു.
തിരുവോണത്തിനും വിവിധയിടങ്ങളിൽ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ തിരുവോണനാളിൽ സദ്യയും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇതിനായി നേരത്തെതന്നെ ബുക്കിങും ആരംഭിച്ചിരുന്നു. 30, 24 എന്നിങ്ങനെ കറികളുടെ എണ്ണവും ചൂണ്ടിക്കാട്ടിയാണ് പരസ്യങ്ങൾ. ഉപ്പ് തൊട്ട് ഇല വരെ ഇതിനൊപ്പമുണ്ടാകും. ഒരു ഊണിന് 350-450 രൂപ വരെയാണ് നിരക്ക്.
നാല് പേർക്കുള്ള സദ്യക്ക് 1399-1500 രൂപയും നൽകണം. പായസവും വിൽപനക്കായി ഒരുക്കിയിട്ടുണ്ട്. അടപ്രഥമൻ, പാലട എന്നിവക്കാണ് പ്രിയമേറെ. അടപ്രഥമന്‍ ലിറ്ററിന് 180 മുതൽ 240 രൂപക്ക് വരെയാണ് വിൽപന. പാലടക്ക് 200 മുതൽ 260 രൂപ വരെ നൽകണം. അരലിറ്റർ, ഒരു ലിറ്റർ കണ്ടെയ്നറുകളിലാക്കിയാണ് വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.