കോട്ടയം: മാവേലിയായാൽ കുടവയറുവേണം. കുടവയറില്ലാത്ത മാവേലിയെ നമ്മളാരും കണ്ടിട്ടില്ല. വയറുനിറയെ ഓണസദ്യ കഴിച്ചതിെൻറ സംതൃപ്തിയാണ് മാവേലിയുടെ ഈ കുടവയറെന്നാണ് കുട്ടിക്കാലത്ത് നമുക്ക് മുതിർന്നവർ പറഞ്ഞുതന്നിട്ടുള്ളത്. ഓണമെന്നാൽ മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യ തന്നെയാണ്. അത്തം തുടങ്ങിയാൽ പിന്നെ ഉത്രാടം വരെ സദ്യയൊരുക്കാനുള്ള ഓട്ടത്തിലാണ്. ഈ ഓട്ടത്തിെൻറ ഫലമാണ് തിരുവോണനാളിലെ സദ്യ.
എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്പ്, ചവർപ്പ് എന്നീ ആറുരസങ്ങളും ചേർന്നതാണ് ഓണസദ്യ. കറിക്കൂട്ടുകളും പായസവുമൊക്കെയായി സദ്യ കഴിച്ചാൽ പിന്നെ ഒന്നു മയങ്ങിപ്പോവും. അതുകഴിഞ്ഞേയുള്ളൂ ഓണക്കളികൾ. സദ്യ വെറുതെയങ്ങ് വിളമ്പി കഴിച്ചാൽ മതിയോ. പോരാ. വിളമ്പാനും കഴിക്കാനുമുണ്ട് ചിട്ടവട്ടങ്ങൾ.
ഇന്നത്തെ കാലത്ത് അതേക്കുറിച്ച് അത്രയൊന്നും ശ്രദ്ധിക്കാറില്ലെങ്കിലും പഴമക്കാർക്ക് ആ ശീലങ്ങൾ നിർബന്ധമാണ്. സദ്യവിഭവങ്ങളിലും വിളമ്പലിലും തെക്കും വടക്കും എന്നുമാത്രമല്ല പ്രാദേശിക വകഭേദങ്ങളുമുണ്ട്. ഇതൊന്നും നോക്കാതെ സദ്യ കഴിക്കുന്നവരുമുണ്ട്. തെക്കൻ ജില്ലകളിൽ വലത്തുനിന്ന് ഇടത്തേക്കാണ് വിഭവങ്ങൾ വിളമ്പുക. എന്നാൽ, വടക്കോട്ട് ചെല്ലുേമ്പാൾ ഇടത്തുനിന്ന് വിളമ്പിത്തുടങ്ങും. ചെറുപയർ പരിപ്പ് കൊണ്ടാണ് തെക്കൻ സദ്യയിലെ പരിപ്പുകറിയെങ്കിൽ വടക്കോട്ട് അത് സാമ്പാർ പരിപ്പ് ആണ്. പച്ചമോര് കഴിച്ചാണ് തെക്കൻ സദ്യ അവസാനിപ്പിക്കുന്നതെങ്കിൽ വടക്ക് പച്ചമോരിെൻറ സ്ഥാനം രസത്തിനാണ്.
തെക്കൻ സദ്യയിലാവട്ടെ രസത്തിന് ഇടമില്ല. സദ്യ വിളമ്പാൻ തുമ്പ് മുറിക്കാത്ത വാഴയില തന്നെ വേണം. ഇല വെക്കുേമ്പാൾ വെട്ട് വലത്തേക്ക് എന്നാണ് വെപ്പ്. അതായത് വെട്ടുള്ള ഭാഗം വലത്തേക്കും ഇലത്തുമ്പ് ഇടത്തേക്കും.
ഇല വെച്ചുകഴിഞ്ഞാൽ വിളമ്പാം. വലത്തുനിന്ന് പച്ചടി, കിച്ചടി, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, കൂട്ടുകറി, ഇഞ്ചിക്കറി, അച്ചാറുകൾ (നാരങ്ങ, മാങ്ങ, ഇഞ്ചി), ശർക്കരവരട്ടി, ഉപ്പേരി (ചിലയിടങ്ങളിൽ ചേന വറുത്തതും കപ്പ വറുത്തതും വെക്കും), പഴം, പപ്പടം. വലത്തുനിന്നാണ് കറികൾ കഴിച്ചുതുടേങ്ങണ്ടതും. ഇനി ചോറുവിളമ്പാം. ചോറിന് ആദ്യം പരിപ്പൊഴിക്കും. നെയ്യും പപ്പടവും കൂട്ടിയാണ് ഇത് കഴിക്കുക. അത് കഴിഞ്ഞാൽ സാമ്പാർ.
പിന്നെ പായസം. അടപ്രഥമനാണ് തെക്കൻ സദ്യകളിലെ പ്രധാന പായസം. എന്നാൽ, തൃശൂരുകാർക്ക് പാലട കഴിഞ്ഞേയുള്ളൂ മറ്റേത് പായസവും.
പായസത്തിെൻറ മധുരത്തെ നിലക്കുനിർത്താൻ നാരങ്ങഅച്ചാർ കൂട്ടിത്തൊടാം. പായസം പഴംകൂട്ടി കഴിച്ചുകഴിഞ്ഞാൽ അൽപം കൂടെ ചോറ് പുളിശ്ശേരി കൂട്ടി അകത്താക്കും. അപ്പോഴേക്കും ഇലയിലെ കറികളെല്ലാം തീർന്നിരിക്കണം.
അവസാനം കൈയിലൊഴിച്ചുകഴിക്കാൻ അൽപം പച്ചമോരോ രസമോ. ഒന്നും ബാക്കിയാക്കാതെ കഴിച്ച് ഇല തുടച്ചുതന്നെ കഴിക്കണം. സദ്യയിൽ ചിട്ടവട്ടങ്ങൾ പാലിക്കണമെന്ന് തിരുവിതാംകൂറുകാർക്ക് ഏറെ നിർബന്ധമാണ്. വടക്കോട്ടുപോകുന്തോറും മീനും ഇറച്ചിയും ഇലയിൽ ഇടംപിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.