പാലാ: കൂട്ടുകാർക്കൊപ്പം കുളിക്കാൻപോയ പതിനാലുകാരൻ കാൽവഴുതി കുളത്തിൽ വീണ് മുങ്ങിമരിച്ചു. ഇടനാട് കിഴക്കേക്കരയിൽ പി. അജിത്തിന്റെ (സി.പി.എം ഇടനാട് ഈസ്‌റ്റ് ബ്രാഞ്ച് അംഗം) മകൻ അശ്വിൻ കെ. അജിത്താണ് (അക്കു) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ വീടിനു സമീപത്തെ കാമേറ്റ് പുരയിടത്തിലെ കുളത്തിലാണ് അപകടം.
ഇടനാട് എൻ.എസ്.എസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹപാഠികളായ നാല് കുട്ടികൾക്കൊപ്പമാണ് അശ്വിൻ കുളത്തിന് സമീപം എത്തിയത്. നീന്തൽ വശമില്ലാത്ത അശ്വിൻ കരയിൽ ഇരിക്കുകയായിരുന്നു. കുളിക്കാൻ ഇറങ്ങിയ മറ്റ് കുട്ടികളിലൊരാൾക്ക് വസ്‌ത്രം എടുത്ത് കൊടുക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണ അശ്വിൻ മുങ്ങിത്താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരുടെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ കരക്കെത്തിച്ചെങ്കിലും മരിച്ചു. വർഷകാലത്ത് ആരും ഉപയോഗിക്കാറില്ലാത്ത കുളത്തിൽ മൂന്നര മീറ്ററിലേറെ വെള്ളമുണ്ട്. പായൽ നിറഞ്ഞ കുളത്തിന്റെ ആഴമറിയാതെയാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. പാലാ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. മാതാവ്: മങ്കൊമ്പ് വാഴയിൽ കുടുംബാംഗം സൗമ്യ. ഏകസഹോദരി: അശ്വിനി (അഞ്ചാം ക്ലാസ് വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.