കോട്ടയം: പാലാ നഗരസഭ ചെയര്മാന് സ്ഥാനത്തെച്ചൊല്ലിയുള്ള സി.പി.എം-കേരള കോൺഗ്രസ് എം തർക്കത്തിന് ജില്ല നേതൃത്വങ്ങളുടെ ഇടപെടലിൽ പരിഹാരം. ചെയര്മാന് സ്ഥാനം കൈമാറാനുള്ള ധാരണ കേരള കോണ്‍ഗ്രസ് എം തെറ്റിച്ചെന്നാരോപിച്ച് സി.പി.എം പ്രാദേശിക നേതൃത്വം രംഗത്തെത്തിയതോടെയാണ് തർക്കം ഉടലെടുത്തത്.
രണ്ടു വര്‍ഷത്തിനുശേഷം ചെയര്മാന് സ്ഥാനം സി.പി.എമ്മിന് നല്‍കുമെന്നായിരുന്നു എൽ.ഡി.എഫിലെ ധാരണ. എന്നാൽ, അവസാന ഒരുവർഷം വിട്ടുനൽകാമെന്ന തരത്തിൽ കേരള കോൺഗ്രസ് എം പ്രാദേശിക നേതാക്കൾ പ്രതികരിച്ചതാണ് പ്രകോപിപ്പിച്ചത്. ഇതിനിടെ സ്ഥാനം ഉടൻ വിട്ടുനൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് ജോസ് കെ. മാണി ഉന്നത സി.പി.എം നേതാക്കളെ നേരിട്ട് അറിയിച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നു.
ഇതോടെയാണ് സി.പി.എം പ്രാദേശിക നേതൃത്വം ധാരണ പാലിക്കണമെന്നാവശ്യമുയർത്തിയത്. ഇത് വാർത്തയായതോടെ, ധാരണകൾ പാലിക്കപ്പെടുമെന്ന് വ്യക്തമാക്കി സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ രംഗത്തെത്തുകയായിരുന്നു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫിലെ ധാരണയനുസരിച്ച് ടേം കാലയളവ് നിശ്ചിയിച്ചിട്ടുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് എങ്ങും അസ്വാരസ്യങ്ങളില്ല. ഇതിൽനിന്ന് എവിടെയെങ്കിലും വ്യത്യാസമുണ്ടായാൽ ചർച്ച ചെയ്യുമെന്നും റസൽ വ്യക്തമാക്കി.
തൊട്ടുപിന്നാലെ ധാരണ പാലിക്കുമെന്ന് കേരള കോൺഗ്രസ് എമ്മും അറിയിച്ചു. വിട്ടുവീഴ്ചയില്ലെന്ന സൂചനയോടെയുള്ള സി.പി.എം ജില്ല സെക്രട്ടറിയുടെ പ്രതികരണത്തിനൊപ്പം പാലായിൽ തർക്കമെന്ന പ്രചാരണത്തിൽ സി.പി.എം നേതൃത്വത്തിെൻറ അതൃപ്തികൂടി മനസ്സിലാക്കിയായിരുന്നു കേരള കോൺഗ്രസ് എമ്മിെൻറ അതിവേഗ നീക്കം.
ആദ്യ രണ്ടുവർഷം കേരള കോൺഗ്രസിനും മൂന്നാം വർഷ സി.പി.എമ്മിനും അവസാന രണ്ട് വർഷം വീണ്ടും തങ്ങൾക്കും ചെയർമാൻ സ്ഥാനം എന്നായിരുന്നു നേരത്തേ സ്വീകരിച്ച ധാരണയെന്ന് പറഞ്ഞ കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, അത് പാലിക്കുമെന്നും പറഞ്ഞു.
അതേസമയം, ഡിസംബർ 28ന് മാത്രമേ രണ്ടുവർഷ കാലാവധി പൂർത്തിയാകുകയുള്ളൂവെന്നിരിക്കെ, ഇപ്പോൾ തർക്കമെന്ന തരത്തിൽ വിഷയം ഉയർത്തിയതിനു പിന്നിൽ ചിലരുടെ ചരടുവലിയാണെന്ന വിലയിരുത്തലിലാണ് ഇരുപാർട്ടി നേതൃത്വങ്ങളും. സി.പി.എമ്മിന് ലഭിക്കുന്ന കാലയളവിൽ ചെയർമാനായി ബിനു പുളിക്കക്കണ്ടം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് തടയിടാൻ ലക്ഷ്യമിട്ടാണ് തർക്കസൃഷ്ടിയെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പാലാ നഗരസഭയില്‍ ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസ് എമ്മിലെ ബൈജു കൊല്ലംപറമ്പിലിനും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ജോസ് കെ. മാണിയെ പരാജയപ്പെടുത്താൻ ബിനു പുളിക്കക്കണ്ടം ശ്രമിച്ചതായി നേരത്തേ കേരള കോൺഗ്രസ് എം ആക്ഷേപം ഉയർത്തിയിരുന്നു. ബിനു പുളിക്കക്കണ്ടത്തിനെ ചെയർമാനാക്കുന്നതിനോടുള്ള താൽപര്യക്കുറവ് സി.പി.എം നേതൃത്വത്തെ അറിയിക്കുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.