പാലാ: നഗരസഭ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്സന്റെ ഡയസിലടിച്ച് അജണ്ട പേപ്പറുകൾ വലിച്ചുകീറി സി.പി.എം കൗൺസിലർ. വ്യാഴാഴ്ച രാവിലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിനിടെയാണ് സംഭവം. നഗരസഭയിലെ പ്രഥമ സി.പി.എം ചെയർപേഴ്സനായ ജോസിൻ ബിനോക്കെതിരെയാണ് സ്വന്തം പാർട്ടി കൗൺസിലറായ ബിനു പുളിക്കകണ്ടത്തിന്റെ അതിക്രമം. കഴിഞ്ഞ മാസം ഉല്ലാസയാത്ര പോയ കൗൺസിൽ അംഗങ്ങളിൽ ചിലർ പണംവെച്ച് പകിട കളിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പകിടകളിയിൽ പങ്കെടുത്ത കൗൺസിൽ അംഗങ്ങൾക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് കൗൺസിൽ യോഗം ചേർന്നത്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായി.
ഹാളിന് മുന്നിൽ പകിട കളിച്ച് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ച ശേഷമായിരുന്നു വിഷയം ചർച്ചക്കെടുക്കണമെന്ന ആവശ്യമുന്നയിച്ച് തർക്കവും ബഹളവുമുണ്ടായത്. പകിട കളിയുടെ കാര്യത്തിൽ ചെയർപേഴ്സൻ വിശദീകരണം നൽകണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. അജണ്ടയിലുള്ള കാര്യങ്ങൾ ചർച്ച ചെയ്തശേഷം ഈ വിഷയം എടുക്കാമെന്ന് ചെയർപേഴ്സൻ അറിയിച്ചു.
ഇതോടെ പ്രതിപക്ഷാംഗങ്ങൾ ഹാളിന് പുറത്തേക്ക് മുദ്രാവാക്യം വിളിയോടെ പോകാനൊരുങ്ങവേ, ബിനു പുളിക്കകണ്ടം അധ്യക്ഷവേദിക്ക് സമീപം എത്തി ചെയർപേഴ്സന്റെ കൈവശമുണ്ടായ അജണ്ട വാങ്ങി കീറിയെറിഞ്ഞു. കൈ ചുരുട്ടി ഡയസിലിടിച്ച് പ്രകോപനം സൃഷ്ടിച്ചു. പെട്ടെന്നുണ്ടായ ബഹളത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചെയർപേഴ്സൻ ജോസിൻ ബിനോയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെയർപേഴ്സനെ കൈയേറ്റം ചെയ്തതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേരള കോൺഗ്രസ്-എം അംഗങ്ങൾ ആവശ്യപ്പെട്ടു.
ഭരണപക്ഷത്തെ ചില കൗൺസിലർമാർ ഉൾപ്പെടെ സെപ്റ്റംബറിൽ നടത്തിയ ഹൗസ് ബോട്ട് യാത്രക്കിടെയാണ് പണംവെച്ച് പകിട കളിച്ചത്. ചീഫ് വിപ്പ് എൻ. ജയരാജിന്റെ പി.എ ബിജു പാലൂപ്പടവനും പകിട കളിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.