പാലാ: മീനച്ചില്‍ പഞ്ചായത്തില്‍ വിളക്കുമാടം, പൈക മേഖലയില്‍ പശുക്കള്‍ പനി ബാധിച്ച് ചാകുന്നത് ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കുന്നു. ഒരാഴ്ചക്കിടെ അഞ്ച് പശുക്കളാണ് ചത്തത്. കനത്ത പനിയും തളര്‍ച്ചയുമാണ് രോഗലക്ഷണം.വിളക്കുമാടം സ്വദേശികളായ അമ്പാട്ട് സതീഷ് കുമാര്‍, കൊട്ടാരത്തില്‍ ഷിജോ, മഞ്ഞത്തെരുവില്‍ ബിന്ദു, പൈക തൈപ്പറമ്പില്‍ ടോം എന്നിവരുടെ പശുവാണ് കഴിഞ്ഞദിവസം രോഗലക്ഷണങ്ങളോടെ ചത്തത്.
പ്ലാശനാല്‍, തലപ്പലം, പനച്ചിപ്പാറ, പനയ്ക്കപ്പാലം, തലനാട് മേഖലയിലെല്ലാം രോഗം കണ്ടുവരുന്നുണ്ട്. എന്നാല്‍, പശുക്കളില്‍ വ്യാപകമായി രോഗമില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. അമ്പാട്ട് സതീശ് കുമാർ പശുവിെന രണ്ടാഴ്ച മുമ്പാണ് പനച്ചിപ്പാറ ഭാഗത്തുനിന്ന് വാങ്ങിയത്.
രണ്ടുദിവസത്തിനകം പശുവിന് കനത്ത പനി ആരംഭിച്ചു. പൈക വെറ്ററിനറി ആശുപത്രിയിലെ ചികിത്സയാണ് നല്‍കിയിരുന്നത്. പനിക്കും തളര്‍ച്ചക്കും ഒരാഴ്ചകൊണ്ട് ശമനം വന്നെങ്കിലും 12ാം ദിവസം കൂട്ടില്‍ ചത്തനിലയില്‍ കാണുകയായിരുന്നു.
പൈക വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍ പി.എസ്. സുധീറിെൻറ നേതൃത്വത്തിലാണ് വൈദ്യസഹായം ലഭ്യമാക്കിയത്. പൈലേറിയ വിഭാഗത്തിലുള്ള രോഗമാണ് പശുക്കളെ ബാധിക്കുന്നതെന്നാണ് അദ്ദേഹത്തിെൻറ നിഗമനം. പശുക്കൂടുകള്‍ക്ക് സമീപമുള്ള ചെറിയ ജീവികളായ വട്ടന്‍, ചാഴി, ചെള്ള് എന്നിവയില്‍നിന്നാണ് രോഗം പകരുന്നത്.
പശുവിെൻറ രക്തംകുടിച്ച് ജീവിക്കുന്ന ഈ സൂഷ്മജീവികളില്‍നിന്ന് രോഗത്തിന് കാരണമാകുന്ന ഫംഗസ് പശുവിെൻറ ശരീരത്തിനുള്ളില്‍ കടക്കും. വളരെ ചെലവേറിയതാണ് രോഗം ബാധിച്ചാലുള്ള ചികിത്സ. കുറച്ചുനാളുകള്‍ ചികിത്സ തുടരുകയും വേണം. ദിവസേനയുള്ള കുത്തിവെപ്പിന് 1000ലേറെ രൂപയാണ് ചെലവ്.
സംസ്ഥാനത്തിെൻറ എല്ലാഭാഗത്തും കാണപ്പെടുന്ന രോഗമാണിതെന്നും ഡോ. സുധീര്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയില്‍ ക്ഷീരകര്‍ഷക മേഖല താളംതെറ്റുന്നതിനിടെയാണ് കര്‍ഷകരെ രോഗങ്ങളും അലട്ടുന്നത്.
ഇതിനിടെ രാമപുരത്ത് കുളമ്പുരോഗം പടരുകയാണ്. കൊണ്ടാട്, രാമപുരം ടൗണ്‍, പാലവേലി ഭാഗങ്ങളിലാണ് കുളമ്പുരോഗം കണ്ടെത്തിയത്. 50ലേറെ പശുക്കളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് നിയന്ത്രിക്കുന്നതിനുള്ള റിങ് വാക്സിനേഷന്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
കാറ്റിലൂടെ രോഗം പടരുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു. കാലികളുടെ വായില്‍നിന്ന് ഉമിനീര്‍ ഒലിപ്പിക്കുക, തീറ്റ തിന്നാതിരിക്കുക, പനി, കാല്‍ നിലത്തു കുത്തുമ്പോള്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ രാമപുരം മൃഗാശുപത്രിയില്‍ അറിയിക്കണം. ക്ഷീരകര്‍ഷകര്‍ എത്രയുംവേഗം പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കേണ്ടതാണെന്നും മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.