പാലാ: സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി ഗ്രാമീണ ബസ് സർവിസുകൾ നിരവധി നിർത്തലാക്കുകയും ലാഭകരമല്ലാത്തതിനാൽ ഗ്രാമമേഖലകളിൽനിന്ന്് സ്വകാര്യ ബസുകൾ പിൻവാങ്ങുകയും ചെയ്തതോടെ വിദ്യാർഥികളുടെ യാത്രക്ലേശം രൂക്ഷമാകും. ഇതോടൊപ്പം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക ബാധ്യതക്കും കാരണമാകും. നവംബറിൽ സ്കൂളുകൾ തുറക്കുന്നതോടെ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിനുപകരം സംവിധാനം കണ്ടെത്തേണ്ടതുണ്ട്.
കെ.എസ്.ആർ.ടി.സി 2500ൽ അധികം ബസുകളാണ് ഓടിക്കാതെ പിടിച്ചിട്ടിരിക്കുന്നത്. ഭൂരിഭാഗവും ഗ്രാമീണ മേഖലയിൽ ഓടിക്കൊണ്ടിരുന്ന ഓർഡിനറി ബസുകളാണ്. ഗ്രാമീണ മേഖലയിൽ യാത്രസൗകര്യം ലഭ്യമാക്കുവാൻ സർവിസുകൾ പുനരാരംഭിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒരു സീറ്റിൽ ഒരു വിദ്യാർഥി എന്ന പുതിയ നിർദേശപ്രകാരം കൂടുതൽ വാഹനങ്ങൾ ക്രമീകരിച്ചാലേ വിദ്യാർഥികളെ എത്തിക്കുവാൻ കഴിയൂ.
വളരെ ചുരുങ്ങിയ വിദ്യാർഥികളുമായി വാഹന സർവിസ് ആരംഭിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധ്യതയാവും. ഭൂരിപക്ഷം വിദ്യാർഥികളും താമസസ്ഥലത്തു നിന്നും വളരെ അകലെ വിദ്യാലയത്തിലാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ഇന്ധനച്ചെലവ് ഇരട്ടിയായി വർധിക്കുകയും യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്തതോടെ സ്വകാര്യ സർവിസ് ഓപറേറ്റർമാരും ഗ്രാമീണ മേഖലയിൽനിന്ന് പിൻവലിഞ്ഞു. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ തുറക്കുന്നത്. പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് നിരവധി പേരോടൊപ്പം യാത്രചെയ്ത് എത്തുന്ന വിദ്യാർഥിയും സ്കൂൾ ബസിൽ ഒരു സീറ്റിൽ ഒറ്റക്കിരുന്ന് എത്തുന്ന വിദ്യാർഥിയും ഒരു ക്ലാസിൽ ഒന്നിച്ചാണ് ഇരിക്കേണ്ടത്.
സ്വകാര്യ ബസുകളിൽ യാത്രക്കാരെ കയറ്റിയശേഷം മാത്രമാകും വിദ്യാർഥികളെ കയറ്റുക, ഇവിടെ ഒരു സീറ്റിൽ ഒരു വിദ്യാർഥി എന്ന സർക്കാർ നിർദേശം എങ്ങനെ നടപ്പാക്കാനാകും എന്നതാണ് രക്ഷിതാക്കളുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.