പാലാ: ഉത്സവവേദികളിൽ എന്നും ആനപ്രേമികളുടെ ഇഷ്ടതാരമായിരുന്ന ഗജകേസരി മഞ്ഞക്കടമ്പിൽ വിനോദ് ഇനി ഉത്സവങ്ങൾക്ക് തിടമ്പേറ്റാൻ എത്തില്ല. നാട്ടാനകളുടെ കൂട്ടത്തിൽ ലക്ഷണത്തികവുള്ള കരിവീരനായിരുന്നു 54കാരനായ വിനോദ്. ഉയരത്തിൽ കേമനല്ലായിരുന്നെങ്കിലും അഴകിലും തലയെടുപ്പിലും ഒന്നാം നിരയിലായിരുന്നു.
ഒമ്പത് അടിയായിരുന്നു ഉയരം. ഉദരസംബന്ധ അസുഖത്തെത്തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു കരൂർ മഞ്ഞക്കടമ്പിൽ ഷാജിയുടെ ഉടമസ്ഥതയിെല വിനോദ്.
കോട്ടയം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ജി. പ്രസാദ്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.ടി. ടോമി, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ എ.ബി. ജയൻ, എ.ഡി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികളും അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. കിഷോർ കുമാർ, ഡോ. ആക്ടി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾക്കും ശേഷം ജഡം സമീപത്തുതന്നെ ദഹിപ്പിച്ചു.
27 വർഷം മുമ്പ് ചെങ്ങന്നൂരിൽനിന്നാണ് വിനോദ് പാലാ കരൂർ മഞ്ഞക്കടമ്പിൽ തറവാട്ടിലെത്തുന്നത്. സിനിമനിർമാതാവ് മണി മല്യത്തിൽനിന്ന് വാങ്ങിയതാണ്. കിടങ്ങൂർ, ളാലം, തൃശൂർ പൂരം, തിരുനക്കര പൂരം, വൈക്കത്തഷ്ടമി, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, കരൂർ, വിളക്കുമാടം, മുരിക്കുംപുഴ ഭഗവതി ക്ഷേത്രങ്ങൾ, അമ്പാറ, പയപ്പാർ, ഇളങ്ങുളം, ചെമ്പിളാവ് വട്ടപ്പറമ്പ് ശ്രീധർമശാസ്ത ക്ഷേത്രം, ഇടപ്പാടി സുബ്രഹ്മണ്യസ്വാമി, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ ഉത്സവങ്ങളുടെ സ്ഥിരസാന്നിധ്യമായിരുന്നു.
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച ആനവായിൽ നേർച്ചക്കും പതിവായി വിനോദ് എത്തിയിരുന്നു.
ആദ്യ പാപ്പാൻ രമണനുശേഷം 15 വർഷമായി ഒന്നാം പാപ്പാൻ സൂരജിെൻറയും ജോയിയുടെയും ചട്ടത്തിലായിരുന്നു. കിടങ്ങൂർ ക്ഷേത്രത്തിൽനിന്ന് ഗജശ്രേഷ്ഠ പട്ടവും മുരിക്കുംപുഴ ദേവിക്ഷേത്രത്തിൽനിന്ന് ഗജകേസരി പട്ടവും ലഭിച്ചു.
ളാലം മഹാദേവ ക്ഷേത്രം, കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രസമിതി ഭാരവാഹികൾ എത്തി പുഷ്പചക്രം സമർപ്പിച്ച് അേന്ത്യാപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.