പാലാ: ഇടവേളക്ക് ശേഷം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കൻഡറി സ്കൂളിന്റെ പരിസരത്ത് വീണ്ടും കഞ്ചാവ്-മയക്കുമരുന്ന് മാഫിയായുടെ വിളയാട്ടം. തിങ്കളാഴ്ച രാത്രി സ്കൂള്‍വളപ്പിലെ ചെടിച്ചട്ടികള്‍ എറിഞ്ഞുതകര്‍ത്ത സംഘം സ്കൂളിലെ കുടിവെള്ള പൈപ്പുകള്‍ ഒടിച്ചുകളയുകയും ചെയ്തു. ഒരാഴ്ചമുമ്പും പൂച്ചട്ടികളും ചെടികളും വലിച്ചുപറിക്കുകയും എറിഞ്ഞുതകര്‍ക്കുകയും ചെയ്തിരുന്നു.
സന്ധ്യ മയങ്ങുന്നതോടെ സ്കൂളിന്റെ പരിസരങ്ങള്‍ കഞ്ചാവ് മാഫിയ താവളമാക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് ഇതേ സ്കൂള്‍ വളപ്പില്‍ കഞ്ചാവ്-മയക്കുമരുന്ന് സംഘം തമ്പടിച്ച വിവരമറിഞ്ഞ് എത്തിയ അന്നത്തെ രാമപുരം എസ്.ഐക്ക് നേരേ സാമൂഹ്യവിരുദ്ധര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. കേസിലെ രണ്ട് പ്രതികളെ പിന്നീട് രാമപുരം പൊലീസ് പിടികൂടിയിരുന്നു. അതിനുശേഷം കാര്യമായ ശല്യം ഉണ്ടായിരുന്നില്ല.രണ്ടാഴ്ചമുമ്പ് ഇവിടം കേന്ദ്രീകരിച്ച് വീണ്ടും കഞ്ചാവ്-മയക്കുമരുന്ന് മാഫിയസംഘം തലപൊക്കുകയായിരുന്നു. സ്കൂള്വളപ്പിനെ മനോഹരമാക്കി വിലകൂടിയ ചെടികളാണ് നട്ടു പരിപാലിച്ചിരുന്നത്.
സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ അതിക്രമിച്ചുകയറി ചെടിച്ചട്ടികളും പൂച്ചെടികളും നശിപ്പിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സ്കൂള്‍ മാനേജ്മെന്റും പി.ടി.എയും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ രാമപുരം പൊലീസില്‍ പരാതി നല്കി. സ്കൂളില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി രാമപുരം സി.ഐ അഭിലാഷ് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.