പാലാ: പ്രവാസിയായ വീട്ടമ്മയെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന കേസിെൻറ അന്വേഷത്തില്‍ പാലാ പൊലീസ് ഗുരുതര വീഴ്ചവരുത്തിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ജില്ല പൊലീസ് ചീഫ് ജി. ജയദേവിെൻറ നിർദേശപ്രകാരം കോട്ടയം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
വീട്ടമ്മ തനിക്ക് മര്‍ദനമേറ്റതായി പരാതിപ്പെട്ടെങ്കിലും പരാതി സ്വീകരിച്ചതിെൻറ രശീതി യഥാസമയം പൊലീസ് നല്‍കിയില്ല. രശീതിക്കായി മൂന്നാംവട്ടവും പാലാ പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മയോട് വനിത പൊലീസ് മോശമായി സംസാരിക്കുകയും 10 വയസ്സുകാരിയായ മകളുടെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ശിശുസൗഹൃദ പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവം സേനക്കാകെ നാണക്കേടുണ്ടാക്കുന്നതാണ്.
സംഭവമറിഞ്ഞിട്ടും യഥാസമയം മേലധികാരികളെ വിവരമറിയിക്കാതിരുന്ന പാലായിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. വീട്ടമ്മ പെണ്‍കുട്ടിയുമായി രണ്ട് മണിക്കൂറോളം പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നിട്ടും മേലധികാരികളെ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാരും അറിയിക്കാത്തതും ഗുരുതര വീഴ്ചയായി ജില്ല രഹസ്യാന്വേഷണ വിഭാഗം കണക്കാക്കുന്നു. കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്.ഐക്കും വനിത പൊലീസിനുമെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
വീട്ടമ്മയില്‍നിന്ന് ഇന്നലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പാലാ ഡിവൈ.എസ്.പിയും മൊഴിയെടുത്തു. വീട്ടമ്മയെ ആക്രമിച്ച യുവാവ് ഒളിവിലാെണന്നാണ് പൊലീസ് ഭാഷ്യം. പിടികൂടാന്‍ ഇയാളുടെ നാട്ടുകാരന്‍കൂടിയായ ഗ്രേഡ് എസ്.ഐയെയാണ് ആദ്യം ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, സംഭവം വിവാദമായതോടെ ഇയാളെ അന്വേഷണത്തില്‍നിന്ന് മാറ്റി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും പ്രതിയെ ഉടൻ പിടികൂടണമെന്നും ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. ഉള്ളനാട്ടിലെ കോളനിനിവാസിയായ അക്രമി നേരത്തേ തൊഴിലാളി യൂനിയനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പൊലീസ് വാഹനം ആക്രമിച്ചതടക്കം കേസുകളില്‍ ഇയാൾ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
സംഭവദിവസം അയല്പക്കത്തെ വീട്ടില്‍നിന്ന് കത്തിയെടുത്ത് വീട്ടമ്മക്ക് നേരെ വീശിയ അക്രമി കല്ലെടുത്ത് വീട്ടമ്മയുടെ തലക്കടിക്കാനും ശ്രമിച്ചിരുന്നു. തടയാന്‍ ശ്രമിച്ച സമീപവാസിയായ ഗൃഹനാഥെൻറ ഉടുമുണ്ട് പറിക്കുകയും മർദിക്കുകയും ചെയ്തു. ഇക്കാര്യം മൊഴിയില്‍ എഴുതിച്ചേര്‍ക്കാന്‍ പാലാ പൊലീസ് തയാറായില്ലെന്നും വീട്ടമ്മയുടെ പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.