പാലാ: കെ-റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കുമെന്ന നിശ്ചയദാർഢ്യമുള്ള സർക്കാറാണിത്. എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയാണ് കേരള മോഡൽ. സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനത്ത് വീട്ടമ്മമാരുടെ അധ്വാനത്തിനും വിലകണ്ട സർക്കാറാണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്കകം കേരളം എല്ലാ അർഥത്തിലും വികസിത രാജ്യങ്ങൾക്കൊപ്പമാകും. ഇത് സാധ്യമായാൽ തങ്ങൾക്ക് ഒരിക്കലും ഇനി ഭരണത്തിലെത്താൻ ആവില്ലെന്ന് പ്രതിപക്ഷത്തുള്ളവർ തിരിച്ചറിയുന്നു. അതുകൊണ്ടാണ് വർഗീയ സംഘടനകളുമായി കൂട്ടുചേർന്ന് കോൺഗ്രസും ബി.ജെ.പിയും കേരള സർക്കാറിനെയും സി.പി.എമ്മിനെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
രാവിലെ 11ന് നിശ്ചയിച്ച സ്വീകരണം സുരക്ഷ നടപടികളെ തുടർന്ന് ഒരുമണിയോടെയാണ് ആരംഭിച്ചത്. പാലാ ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ നിന്നാരംഭിച്ച ജാഥയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ലാലിച്ചൻ ജോർജ് അധ്യക്ഷതവഹിച്ചു. ജാഥാംഗങ്ങളായ കെ.ടി. ജലീൽ, ജയ്ക് സി.തോമസ്, പി.കെ. ബിജു, എം. സ്വരാജ്, സി.എസ്. സുജാത എന്നിവരും മന്ത്രി വി.എൻ. വാസവൻ, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, അഡ്വ. കെ. അനിൽകുമാർ, കെ.ജെ. തോമസ്, ഏരിയ സെക്രട്ടറി പി.എം. ജോസഫ്, നഗരസഭ ചെയർപേഴ്സൻ ജോസിൻ ബിനോ, രമ മോഹനൻ, തങ്കമ്മ ജോർജുകുട്ടി എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.