പാലാ: കടനാട്ടില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ട് സ്കൂള്‍ കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്ക്. നാട്ടുകാരായ നാലുപേർ കടിയേറ്റവരില്‍ ഉള്‍പ്പെടുന്നു. നിരവധി വളര്ത്ത്മൃഗങ്ങള്ക്കും കടിയേറ്റു. കടനാട് പഞ്ചായത്തിലെ വല്യാത്ത്, കടനാട് ടൗണ്‍ പ്രദേശങ്ങളിലാണ് നായുടെ ആക്രമണമുണ്ടായത്. കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അല്‍ജിന്‍, അര്ജുന് എന്നിവര്‍ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെ 8.30ഓടെ സൈക്കിളില്‍ സ്കൂളിലേക്ക് വരുമ്പോള്‍ വല്യാത്ത് കവലക്കുസമീപം പിന്തുടര്ന്നെത്തിയ പേപ്പട്ടി ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും കാലിലാണ് കടിയേറ്റത്.
പുലര്‍ച്ച സ്കൂട്ടറില്‍ പോകുകയായിരുന്ന കടനാട് സ്വദേശി ടോമിയെ വാളികുളത്തുെവച്ച് പിന്നാലെയെത്തിയാണ് ആക്രമിച്ചത്. തുടര്‍ന്ന് പാലസ് ജങ്ഷന് സമീപം രാജേഷിനെ വീട്ടില്‍ കയറി കടിച്ച് മുറിവേൽപിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന പിഴക് സ്വദേശി തോമസിനെയും വല്യാത്ത് സ്വദേശി ടാപ്പിങ് തൊഴിലാളി തങ്കച്ചനെയും നായ് കടിച്ചു. ഇവരെല്ലാം പ്രഥമശുശ്രൂഷക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.
വല്യാത്ത് വാടകക്ക് താമസിക്കുന്ന ശ്രീലക്ഷ്മിയുടെ വീട്ടില്‍ പ്രസവിച്ചുകിടന്ന നായെ കടിക്കുകയും നാല് കുഞ്ഞുങ്ങളെ കടിച്ചുകൊല്ലുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു സ്ഥലത്തെത്തി. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി. പിന്നീട് പേപ്പട്ടിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു. സംഭവമറിഞ്ഞ് മാണി സി. കാപ്പന് എം.എല്‍.എ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. മേലുകാവ് പൊലീസും സ്ഥലത്തെത്തിയിരുന്നു. നിരവധിയാളുകളെയും വളര്‍ത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണെന്നും ഈ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്കൂള്‍ പി.ടി.എ പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍, ഹെഡ്മാസ്റ്റര് സജി തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.