പാലാ: വ്യാപാരസ്ഥാപനത്തിൽനിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ പിടിയിൽ. യു.പി ഔറാദത്ത് സന്ത്കബിർ നഗർ സ്വദേശികളായ സങ്കം (19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരിയിലാണ് ഇവർ പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തത്. സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് നൽകിയ സന്ദേശത്തിൽ ബിസിനസ് ആവശ്യത്തിന് താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടൻതന്നെ പണം അയക്കണമെന്നും താൻ കോൺഫറൻസിൽ ആയതിനാൽ തിരികെ വിളിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിൽപ്രകാരം സ്ഥാപനത്തിൽ നിന്നും 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ നൽകിയ പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുത്ത് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികൾ അന്യസംസ്ഥാനത്ത് ഉള്ളവരാണെന്ന് കണ്ടെത്തുകയുമായിരുന്നു. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഉത്തർപ്രദേശിൽ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതികളെ സാഹസികമായാണ് പിടികൂടിയത്.
പാലാ ഡിവൈ.എസ്.പി എ.ജെ തോമസ്, പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ, രാമപുരം എസ്.ഐ മനോജ് പി.വി, എ.എസ്.ഐമാരായ ബിജു.കെ, സ്വപ്ന, സി.പി.ഒമാരായ സന്തോഷ്, ജോഷി മാത്യു, ശ്രീജേഷ് കുമാർ, ജിനു ആർ.നാഥ്, രാഹുൽ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.