പാലാ: പ്രിയപ്പെട്ട ചാച്ചിയുടെ ഓർമപ്പൂക്കളായി ‘ചാച്ചീസ് ഗാർഡനിൽ’ ഒമ്പത് നിർധന കുടുംബങ്ങൾക്ക് കിടപ്പാടമൊരുങ്ങി. ‘ചാച്ചി’ എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിച്ചിരുന്ന ഏഴാച്ചേരി പെരികിലമലയിൽ ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഭർത്താവ് ഫ്രാൻസസ് ജോസഫാണ് (കൊച്ചേട്ടൻ) ഒമ്പത് നിർധന കുടുംബങ്ങൾക്ക് വീടൊരുക്കുന്നത്. ചാച്ചിയുടെ പൂന്തോട്ടത്തിൽ (ചാച്ചീസ് ഗാർഡൻ) ഒരുങ്ങിയ വീടുകളുടെ വെഞ്ചെരിപ്പും ഗൃഹപ്രവേശനവും 29ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദീർഘകാലം അമേരിക്കയിലായിരുന്നു കൊച്ചേട്ടനും കുടുംബവും. 20 വർഷം മുമ്പ് നാട്ടിൽവന്ന് സ്ഥിരതാമസമാക്കി. കഴിഞ്ഞ വർഷം ജൂലൈ 29നാണ് ഏലിക്കുട്ടി എന്ന ചാച്ചി നിത്യതയിലേക്ക് യാത്രയായത്. ഇവരുടെ ഇരട്ടമക്കളായ ജോഫ്സണും അലിസണും 40 വർഷമായി അമേരിക്കയിലാണ്. സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ എന്നും സഹായിക്കാനുള്ള സന്മനസ്സ് ചാച്ചിക്കും കൊച്ചേട്ടനുമുണ്ടായിരുന്നു.
പാവപ്പെട്ട കുടുംബങ്ങൾക്ക് പറ്റുന്നത്ര സഹായം ചെയ്യുക എന്നത് ചാച്ചിയുടെ ജീവിതാഭിലാഷവുമായിരുന്നു. ഇത് മുൻനിർത്തിയാണ് ഒന്നാം ചരമവാർഷികദിനത്തിൽ ഒമ്പത് കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാൻ കൊച്ചേട്ടൻ പദ്ധതിയിട്ടത്. ഇതിനായി സ്വന്തം സ്ഥലത്ത് വീടിനോട് ചേർന്ന അരയേക്കറോളം സ്ഥലം ഒമ്പത് പ്ലോട്ടുകളായി തിരിച്ചു. സ്ഥലം വിട്ടുകൊടുത്ത് സ്വന്തം പണം കൊണ്ട് അവിടെ മനോഹരമായ വീടുകൾ പണിത് നൽകിയിരിക്കുകയാണ് ഫ്രാൻസിസ് ജോസഫ്.
പെരികിലമലയിൽ ‘ചാച്ചീസ് ഗാർഡൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഭവനസമുച്ചയത്തിലെ ഓരോ വീടും 700 ചതുരശ്രയടി വിസ്തൃതിയുള്ളതാണ്. ഓരോ വീടിനും 11 ലക്ഷത്തിൽപരം രൂപ മുതൽമുടക്കുണ്ട്. എ.കെ.സി.സി ഏഴാച്ചേരി യൂനിറ്റിന്റെ മേൽനോട്ടത്തിലാണ് വീടുകൾ നിർമിച്ചത്.
ഇടുക്കി സ്വദേശി വി.ടി. രാമചന്ദ്രനാണ് വീടുകളുടെ നിർമാണത്തിന് കരാറെടുത്തിരുന്നത്. അഞ്ചുമാസം കൊണ്ട് വീടുകളെല്ലാം ഭംഗിയായി പൂർത്തീകരിച്ചുകഴിഞ്ഞു.29ന് രാവിലെ 10.30ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വീടുകൾ വെഞ്ചെരിച്ച് പ്രഭാഷണം നടത്തും. തുടർന്നുള്ള സമ്മേളനത്തിൽ വീടുകളുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. നിർധന കുടുംബങ്ങൾക്കായി വീടൊരുക്കിയ കൊച്ചേട്ടനെ മന്ത്രി റോഷി അഗസ്റ്റിൻ ആദരിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
ഭവനസമുച്ചയ വളപ്പിൽ സ്ഥാപിച്ച ചാച്ചിയുടെ പ്രതിമയുടെ അനാച്ഛാദനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കും. വീടുകളുടെ താക്കോൽദാനം കൊച്ചേട്ടൻ നിർവഹിക്കും.വാർത്തസമ്മേളനത്തിൽ ഫ്രാൻസിസ് ജോസഫ് (കൊച്ചേട്ടൻ), കൊച്ചേട്ടന്റെ മകൻ ജോഫ്സൺ, എ.കെ.സി.സി ഭാരവാഹികളായ ബിനോയ് ജോസഫ്, സോജൻ കാവളക്കാട്ട്, അജോ തൂണുങ്കൽ, റെജി പള്ളത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.