പാലാ: ആയിരത്തിലധികം രോഗികൾ ദിവസേന എത്തുന്നതും സ്പെഷാലിറ്റി വിഭാഗങ്ങൾകൂടി ഉള്ളതുമായ പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ എത്തുന്നത് വൈകി മാത്രം.
രാവിലെ എട്ടിന് ആരംഭിക്കേണ്ട ഒ.പി തുടങ്ങുന്നത് മിക്ക ദിവസവും 9.30ഓടെ. രാവിലെ 7.30 മുതൽ രോഗികൾ മണിക്കൂറുകൾ ക്യൂ നിൽകേണ്ടി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
എട്ടുമണി മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ഒ.പി. ഡോക്ടർമാർ പലരും ഒരു മണിക്കു മുമ്പേ സ്ഥലംകാലിയാക്കും. എന്നാൽ, ജോലിസമയം പാലിക്കുന്നതിലെ അലംഭാവത്തിൽ പരാതി ഉണ്ടായതിനെ തുടർന്ന് ഡി.എം.ഒ ഇടപെട്ട് കർശന നിർദേശം നൽകിയിട്ടും ഫലമുണ്ടായില്ല. ഗൈനക്കോളജി വിഭാഗത്തിൽ രാത്രിഡ്യൂട്ടിക്കും വിമുഖത പ്രകടിപ്പിച്ച് ഡോക്ടർമാർ രംഗത്ത് വരുകയുണ്ടായി.
ജോലിസമയം പാലിക്കാൻ സമ്മർദം ചെലുത്തിയ സൂപ്രണ്ടിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരുവിഭാഗം.ഇതിനിടെ ഉന്നതതലത്തിൽ സ്വാധീനംചെലുത്തി ചിലർ സ്ഥലംമാറ്റം വാങ്ങി പോവുന്നതും പതിവായി.
ഡോക്ടർമാർ വൈകി ഒ.പി പരിശോധനക്ക് വരുന്നതുമൂലം രോഗനിർണയത്തിനുള്ള പരിശോധനാഫലം ലഭ്യമാകുന്നത് വൈകുകയും രോഗി അടുത്തദിവസം വീണ്ടും വരേണ്ടതായി വരുകയും ചെയ്യുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
രോഗികളുടെ പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്നും സ്ഥലംമാറ്റംമൂലം ഉണ്ടായ ഒഴിവുകൾ എത്രയുംവേഗം നികത്താൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ പറഞ്ഞു.
പാലാ: നിരവധി സെപ്ഷലിസ്റ്റുകൾ, ആധുനിക സൗകര്യങ്ങൾ, രോഗനിർണയ പരിശോധനകൾ, ബഹുനില കെട്ടിടങ്ങൾ തുടങ്ങിയ സംവിധാനങ്ങളുണ്ടെന്ന് അധികാരികൾ വീമ്പ് പറയുമ്പോഴും ദിവസേന ചികിത്സക്കെത്തുന്ന നൂറുകണക്കിന് രോഗികളുടെ അവസ്ഥ ദയനീയമാണെന്നും ഡോക്ടർമാർപോലും ബുദ്ധിമുട്ട് അനുവഭിക്കുന്നതായി നഗരസഭ പ്രതിപക്ഷ നേതാവും ഹോസ്പിറ്റൽ എച്ച്.എം.സി അംഗവുമായ പ്രഫ. സതീശ് ചൊള്ളാനി പറഞ്ഞു.
നിരവധി ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രിയിൽ മൂന്ന് സർജൻ ഒഴിവുകളുണ്ട്. നിലവിൽ സൂപ്രണ്ടിന്റെ ചുമതലകൂടി വഹിക്കുന്ന ഡോ. പ്രശാന്ത് മാത്രമാണ് ഡ്യൂട്ടിയിലുള്ളത്.
നിലവിലുള്ള സർജനെ സ്ഥലംമാറ്റിയാൽ പകരം ഡോക്ടറെ നിയമിച്ചിട്ടില്ല.ചീട്ട് എടുക്കാൻ മണിക്കൂറോളം ക്യൂ നിൽക്കേണ്ട ഗതികേടിലാണ്. വിഷയം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടായില്ല.
പാലായിലെയും പരിസരങ്ങളിലെയും രോഗികളുടെ ഏക ആശ്രയമായ ഗവ. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സതീശ് ചൊള്ളാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.