പാലാ: മാലിന്യക്കൂമ്പാരത്താൽ നിറഞ്ഞ് ജനറല്‍ ആശുപത്രി പരിസരം. പഴയ ആശുപത്രി മന്ദിരത്തിെൻറ തൊട്ടുപിന്നിലാണ് സാംക്രമികരോഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി മാലിന്യം കുന്നുകൂടി കിടക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്, തുണി മാലിന്യം തുടങ്ങിയവയാണ് തള്ളുന്നത്. ദുര്‍ഗന്ധം വമിച്ചതിന് തുടര്‍ന്ന് സമീപവാസികൾ പരാതിപ്പെട്ടതോടെയാണ് പുറംലോകമറിയുന്നത്.
കോണ്‍ക്രീറ്റ് റിങ് സ്ഥാപിച്ച് അതിനുള്ളിലിട്ടാണ് നാളുകളായി പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം കത്തിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി അവശിഷ്ടങ്ങള്‍ നീക്കുകയോ കുഴിച്ചുമൂടുകയോ ചെയ്തിട്ടില്ല. രൂക്ഷമായ ദുർഗന്ധമാണ് ഇവിടെ നിന്ന് വമിക്കുന്നത്. ആശുപത്രി മാലിന്യം ഇമേജ് എന്ന സംഘടന കൊണ്ടുപോകുന്നുണ്ടെങ്കിലും ഭക്ഷ്യാവശിഷ്ടങ്ങളും കടലാസും പ്ലാസ്റ്റിക് കൂടുമൊക്കെ ഇവിടെത്തന്നെ കത്തിക്കുകയാണ്.
ആശുപത്രിവാസികളെക്കാള് സമീപത്തെ താമസക്കാരാണ് മാലിന്യംകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത്. മഴപെയ്യുമ്പോള്‍ മാലിന്യം ഒഴുകി വീടിെൻറ മുറ്റത്തും പരിസരത്തും എത്തുന്നു. കൂടാതെ കുടിവെള്ള സ്രോതസ്സുകളില്‍ മലിനജലം എത്തുന്നുമുണ്ട്. കാക്കകളും മറ്റും ഭക്ഷണാവശിഷ്ടങ്ങള്‍ കൊത്തിവലിച്ച് ജനവാസമേഖലകളില്‍ ഇടുന്നതും നാട്ടുകാരെ വലക്കുന്നു.
നഗരസഭയിലും ആശുപത്രി അധികൃതരോടും പരാതിപ്പെട്ടിട്ടും നടപടിയായില്ലെന്ന് ആക്ഷേപമുണ്ട്. പ്രശ്നത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭ കൗണ്‍സിലര്‍ ബിജി ജോജോ കുടക്കച്ചിറക്കും ആശുപത്രി അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.