പാലാ: ഗർഭിണിയെയും ഭർത്താവിനെയും മർദിച്ച സംഭവത്തിൽ വർക്ഷോപ് ഉടമകളെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ ദമ്പതികൾ വ്യാഴാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് പാലാ ഞൊണ്ടിമാക്കൽ കവലയിലുള്ള വാടകവീട്ടിലേക്ക് പോകുംവഴി ഭാര്യയോട് മോശമായ രീതിയിൽ സംസാരിച്ചത് ഭർത്താവ് ചോദ്യംചെയ്തതോടെയാണ് മർദിച്ചത്.
ഒന്നും രണ്ടും പ്രതികളായ ശങ്കറിന്റെയും ജോൺസണിന്റെയും വർക്ഷോപ്പായ 'കാർ നെസ്റ്റി'ന് സമീപമെത്തിയപ്പോൾ ശങ്കർ യുവതിയെപ്പറ്റി മോശമായും ലൈംഗികച്ചുവയോടെയും സംസാരിച്ചു. ഭർത്താവും യുവതിയും ഇത് ചോദ്യംചെയ്തു. പ്രതികൾ ഭർത്താവിനെ കൈയേറ്റം ചെയ്യുകയും ഒന്നാംപ്രതി ആറുമാസം ഗർഭിണിയായ യുവതിയുടെ അടിവയറ്റിൽ ചവിട്ടുകയുംചെയ്തു.
സംഭവത്തിൽ വർക്ഷോപ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് കെ.എസ്. ശങ്കർ (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്ഷോപ് തൊഴിലാളി മേവട വെളിയത്ത് സുരേഷ് (55) എന്നിവരെയാണ് പാലാ എസ്.എച്ച്.ഒ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്. വർക്ഷോപ് ഉടമകളുടെ ആക്രമണത്തെക്കുറിച്ച് ദമ്പതികൾ പൊലീസിനെ അറിയിക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു.
വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഒന്നാം പ്രതി വർക്ഷോപ്പിലെ കാറിൽ കടന്നുകളഞ്ഞിരുന്നു. ചവിട്ടേറ്റ യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയും പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സക്ക് ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിലേക്ക് മാറ്റുകയും ചെയ്തു. ഗർഭസ്ഥശിശുവിന്റെ ജീവൻ അപകടത്തിലായ സാഹചര്യത്തിലാണ് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയത്. പാലാ ഡിവൈ.എസ്.പി ഷാജു ജോസ് പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
വെള്ളിയാഴ്ച പുലർച്ചയാണ് ഒന്നും രണ്ടും പ്രതികളെ അമ്പാറ നിരപ്പിലുള്ള റബർതോട്ടത്തിൽനിന്ന് പിടികൂടിയത്. മൂന്നാം പ്രതിയെ വീട്ടിൽനിന്നാണ് പിടികൂടിയത്. എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐമാരായ എ.ടി. ഷാജി, ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, ജസ്റ്റിൻ ജോസഫ്, സിവിൽ പൊലീസ് ഓഫിസർ സി. രഞ്ജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.