പാലാ: നഗരസഭ സ്റ്റേഡിയം നവകേരള സദസ്സിന് വേദിയാക്കാൻ വിട്ടുകൊടുക്കുന്ന കൗൺസിൽ തീരുമാനം നിയമവിരുദ്ധവും ജനവിരുദ്ധവുമാണെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്ത്. 2018 ഫെബ്രുവരിയിലെ കൗൺസിലിൽ സ്റ്റേഡിയം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ മാർഗനിർദേശങ്ങൾ അടങ്ങിയ തീരുമാനം എടുത്തിട്ടുണ്ട്.
ഇതുപ്രകാരം 41ാം നമ്പർ നിബന്ധനയായി സ്റ്റേഡിയം പൂർണമായും കായിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും സ്റ്റേഡിയത്തിനുള്ളിൽ മറ്റ് നിർമാണ പ്രവർത്തനങ്ങൾ (കുഴി കുത്തുക, പന്തൽ ഇടുക, തൂണുകൾ നാട്ടുക) അനുവദിക്കുന്നതല്ല എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ നിബന്ധനയെന്ന് പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.
നവകേരള സദസ്സിന് സ്റ്റേഡിയം വിട്ടുകൊടുത്ത ചെയർപേഴ്സന്റെയും കൗൺസിലിന്റെയും തീരുമാനം നിയമവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൗൺസിൽ യോഗം ചേർന്ന ഉടൻ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി മറ്റ് അജണ്ടകൾക്ക് മുമ്പ് ആദ്യമേ ചർച്ച നടത്തണമെന്ന പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആവശ്യം ചെയർപേഴ്സൻ നിരസിച്ചപ്പോൾ യു.ഡി.എഫ് കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി യോഗം അവസാനിക്കുന്നതുവരെ പ്രതിഷേധിച്ചു. 5000ത്തിലധികം ആളുകൾ പങ്കെടുക്കുന്ന ചടങ്ങ് സംഘടിപ്പിച്ചാൽ സിന്തറ്റിക് ട്രാക്കും ഗ്രീൻഫീൽഡും ഉപയോഗശൂന്യമാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ നിരയിലെ കൗൺസിലർമാർ, പ്രഫ. സതീശ് ചൊള്ളാനി, ജോസ് എടേട്ട്, വി.സി. പ്രിൻസ്, ജിമ്മി ജോസഫ്, മായ രാഹുൽ, ആനി ബിജോയി, സിജി ടോണി, ലിസിക്കുട്ടി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.