പാലാ: കലയുടെ പെരുന്നാൾപ്രഭയൊരുക്കി പാലായിൽ 34ാമത് ജില്ല സ്കൂൾ കലോത്സവത്തിനു തുടക്കം. ഇനി മൂന്നുനാൾ നഗരം താളമേളങ്ങളുടെ വിസമയക്കാഴ്ചകളിലലിയും. വെയിലും മഴയും കൈയടക്കിയ ആദ്യദിനം തന്നെ പോയന്റ് നില 100 കടന്നു. 2583 മത്സരാർഥികൾ മാറ്റുരച്ചു. പതിവുതെറ്റിച്ച് രാവിലെതന്നെ മത്സരങ്ങൾ ആരംഭിച്ചിരുന്നു. 15 വേദികളിലായി 120 മത്സരങ്ങളാണ് നടന്നത്. പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എം.ജി എച്ച്.എസ് എന്നിവടങ്ങളിലാണ് മുഖ്യ വേദി.
21 അപ്പീലുകൾ ആദ്യദിനം ലഭിച്ചു. മൂന്നുമണിയോടെ ആരംഭിച്ച കനത്ത മഴയും മിന്നലും മത്സരം മെല്ലെയാക്കി. വൈദ്യുതി നിലച്ചതോടെ വേദികൾ പലതും ഇരുട്ടിലായതും മത്സരങ്ങളെ ബാധിച്ചു. കലോത്സവത്തിലെ ആകർഷക ഇനങ്ങളായ സംഘനൃത്തവും ഒപ്പനയും വ്യാഴാഴ്ചയാണ്. 2098 കുട്ടികളാണ് ഇന്ന് മത്സരിക്കുന്നത്.
കലോത്സവത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവഹിച്ചു. മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പാലാ നഗരസഭ ചെയർ പേഴ്സൺ ജോസിൻ ബിനോ, ജില്ല പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, മുനിസിപ്പൽ കൗൺസിലർമാരായ ബിജി ജോജോ, വി.സി. പ്രിൻസ്, സാവിയോ കാവുകാട്ട്, ബ്ലോക്ക് മെമ്പർ അനില മാത്തുക്കുട്ടി, പാലാ ഡി.ഇ.ഒ പി. സുനി, എ.ഇ. ഒ കെ.ബി. ശ്രീകല, ബി.പി.സി ജോളിമോൾ ഐസക് , റെജിമോൻ കെ. മാത്യു, റെജി സെബാസ്റ്റ്യൻ, പി.ജെ. സിബി, ടോബിൻ കെ. അലക്സ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനറും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുമായ സുബിൻ പോൾ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോബി വർഗീസ് കുളത്തറ നന്ദിയും
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.