പാലാ: പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാർകൂന്തൽ സ്വദേശി കളത്തൂർ ലിജോ തങ്കച്ചനെയാണ് (35) പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ അറസ്റ്റ് ചെയ്തത്. നഗരത്തിലെ 'പച്ചാത്തോട് പെറ്റ്സ് പാർക്ക്' സ്ഥാപനത്തിൽനിന്ന് കഴിഞ്ഞമാസം രാത്രി കടതുറന്ന് പേർഷ്യൻ ഇനത്തിൽപ്പെട്ട 27,000 രൂപ വിലവരുന്ന മൂന്ന് പൂച്ചകളെയാണ് പ്രതി മോഷ്ടിച്ചത്.
സംഭവദിവസം രാത്രി 10.45ന് കടക്കുള്ളിൽ കയറി പൂച്ചകളെ മോഷ്ടിച്ച് മുണ്ടിനുള്ളിൽ ആക്കി പുറത്തുപോകുന്ന ദൃശ്യം കാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഒരുമാസക്കാലത്തെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ കഴിഞ്ഞമാസം 24ന് പ്രതി ഭാര്യയോടും കുട്ടികളോടുമൊപ്പം ഈ സ്ഥാപനത്തിൽ എത്തി ചെറിയ ഒരു പട്ടിക്കുട്ടിയെ നൽകി മറ്റൊരു പട്ടിയെ എടുക്കുന്നതായി ശ്രദ്ധയിൽപെട്ടു. മോഷണംപോയ മൂന്ന് പൂച്ചകളെയും പ്രതി ജോലിചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസിൽ നിന്നും കണ്ടെത്തി. പ്രതി മണിമല, കറുകച്ചാൽ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ വധശ്രമക്കേസിൽ പ്രതിയെ അഞ്ചുവർഷം ശിക്ഷിച്ചിരുന്നു.
എസ്.ഐ അഭിലാഷ് എം.ടി, എ.എസ്.ഐ ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സി.പി.ഒ രഞ്ജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.