പാലാ: സ്വകാര്യബസ് കണ്ടക്ടർ സ്കൂൾ വിദ്യാർഥിയെ ബസിൽനിന്ന് തള്ളിയിട്ടതായി പരാതി. വിദ്യാർഥിയുടെ വലതുകൈക്ക് സാരമായി പരിക്കേറ്റു. കടനാട് ഒറ്റപ്ലാക്കൽ ജെയ്സിയുടെ മകൻ ആൻജോയാണ് (13) കണ്ടക്ടറുടെ ക്രൂരതക്ക് ഇരയായത്. വെള്ളിയാഴ്ച രാവിലെ പാലാ ടൗൺ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
മുത്തോലി ടെക്നിക്കൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആൻജോ. കടനാടുനിന്ന് രാവിലെ 7.10നുള്ള കാവുംകണ്ടം- കോട്ടയം റൂട്ടിൽ സർവിസ് നടത്തുന്ന ‘മാറാനാത്ത’ ബസിലാണ് ആൻജോ സ്കൂളിൽ പോയിരുന്നത്. കഴിഞ്ഞ 16ന് യൂനിഫോമും കൺസെഷൻ കാർഡും ഇല്ലാത്തതിനാൽ ഇളവ് തരാൻ കഴിയില്ലെന്ന് അറിയിച്ച് കണ്ടക്ടർ കുട്ടിയെ സ്കൂളിൽനിന്ന് നാല് കിലോമീറ്റർ അകലെ പാലാ ടൗണിൽ ഇറക്കിവിട്ടിരുന്നു. എന്നാൽ, ക്ലാസ് ആരംഭിച്ച സമയമായതിനാൽ യൂനിഫോമും കാർഡുകളും ലഭിച്ചിട്ടില്ലെന്ന് കുട്ടി അറിയിച്ചെങ്കിലും കണ്ടക്ടർ വഴങ്ങിയില്ല. കൺസെഷൻ ലഭിക്കാൻ ചില ചട്ടങ്ങളും നിയമങ്ങളും ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഇതേ ബസിൽ യാത്രചെയ്യവെയാണ് കണ്ടക്ടർ ദേഷ്യപ്പെടുകയും ബസിൽനിന്ന് തള്ളിയിടുകയും ചെയ്തത്.
സ്കൂൾ ഐ.ഡി കാർഡ് കാണിച്ചിട്ടും കണ്ടക്ടർ കൺസെഷൻ അനുവദിക്കാതെ കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നെന്ന് ആൻജോ പറയുന്നു. തുടർന്ന് പാലായിൽനിന്ന് മറ്റൊരു ബസിൽ കയറി സ്കൂളിലെത്തുകയും വിവരം സ്കൂൾ അധികൃതരെ ധരിപ്പിക്കുകയുമായിരുന്നു. കൈക്ക് നീര് കണ്ടതിനെ തുടർന്ന് അധ്യാപകർ ആൻജോയെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് സ്കൂൾ അധികൃതർ കിടങ്ങൂർ പൊലീസിൽ പരാതി നൽകി.
വിദ്യാർഥികളോടും യാത്രക്കാരോടും കണ്ടക്ടർ ധാർഷ്ട്യത്തോടെ പെരുമാറുന്നതും ഇറങ്ങാൻ താമസിക്കുന്നവരെ കഴുത്തിൽ പിടിച്ച് തള്ളുന്നതും പതിവാണെന്ന് യാത്രക്കാർ പറയുന്നു. കണ്ടക്ടറുടെ നടപടിയിൽ പാലാ പൊലീസിലും ഗതാഗത- വിദ്യാഭ്യാസ വകുപ്പുകൾക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.