കോട്ടയം: പുതിയ സമയക്രമം വന്നതോടെ പാലരുവി 15 മിനിറ്റ് നേരത്തേ പുറപ്പെട്ടാലും എറണാകുളത്ത് എത്തുന്നത് പഴയ സമയത്തുതന്നെ. കോട്ടയത്തുനിന്ന് 6.43ന് പാലരുവി പുറപ്പെടുന്നതിനാൽ പ്രാദേശിക ബസ് സർവിസുകളെ ആശ്രയിച്ചിരുന്ന നിരവധിപ്പേർക്ക് ട്രെയിൻ ലഭിക്കാത്ത സാഹചര്യമാണിപ്പോൾ. സ്ത്രീകളും വിദ്യാർഥികളും അടക്കം നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. ജനുവരി മുതൽ നടപ്പാക്കിയ സമയ പരിഷ്കരണമാണ് പാലരുവിയിലെ യാത്രാപ്രതിസന്ധികൾ വർധിപ്പിച്ചത്.
4.50ന് കൊല്ലത്തുനിന്ന് പുറപ്പെട്ടിരുന്ന 16791 തൂത്തുക്കൂടി-പാലക്കാട് പാലരുവി എക്സ്പ്രസിന്റെ സമയം ജനുവരി ഒന്നുമുതൽ 4.35ലേക്ക് മാറ്റിയിരുന്നു. ഇതുമൂലം 15 മിനിറ്റ് നേരത്തേ വീടുകളിൽനിന്ന് ഇറങ്ങിയാലേ ട്രെയിൻ കിട്ടൂ. 8.38നാണ് എറണാകുളം ടൗണിൽ എത്തുന്നത്. പാലരുവിക്കു ശേഷം ഒന്നേകാൽ മണിക്കൂർ കഴിഞ്ഞാണ് 06169 കൊല്ലം-എറണാകുളം സ്പെഷൽ മെമു സർവിസ് നടത്തുന്നത്. രാവിലെ ഒമ്പതിനു മുമ്പ് എറണാകുളത്ത് എത്തേണ്ട ഐ.ടി മേഖലയിലും ആശുപത്രികളിലെയും അടക്കം നിരവധി തൊഴിലാളികളുടെ ഏക ആശ്രയമാണ് പാലരുവി. വന്ദേഭാരതിന്റെ വരവും കോട്ടയം വഴിയുള്ള സ്ഥിരയാത്രക്കാർക്ക് തുടർച്ചയായ തിരിച്ചടികളാണ് സമ്മാനിക്കുന്നത്.
ഇരട്ടപ്പാതക്കു മുമ്പ് അനുഭവിച്ച സമാന ദുരിതമാണ് ഇപ്പോഴും നിലനിൽക്കുന്നത്. കൊല്ലത്തുനിന്ന് 4.35ന് 16791 പാലരുവിയും 4.38ന് 16606 ഏറനാടും പുറപ്പെടുന്ന വിധമാണ് പുതിയ സമയം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുമൂലം പാലരുവിക്ക് പിറകെ ഹാൾട്ട് സ്റ്റേഷനിലുൾപ്പെടെ നിർത്തിയശേഷം ഏറനാട് 40 മിനിറ്റോളം വൈകിയാണ് എല്ലാദിവസവും കായംകുളത്ത് എത്തുന്നത്. ഏറനാടിന് ശേഷം 4.45ന് പാലരുവി കൊല്ലത്തുനിന്ന് പുറപ്പെട്ടാൽ കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടും. 4.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ടാലും വന്ദേഭാരതിന്റെ ഷെഡ്യൂളിനെ ബാധിക്കാതെ പാലരുവിയെ തൃപ്പൂണിത്തുറയിൽ സുഗമമായി എത്തിക്കാമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം എന്നിവർ പറയുന്നു.
4.50ന് കൊല്ലത്തുനിന്ന് പുറപ്പെട്ടുകൊണ്ടിരുന്നപ്പോഴും പലതവണ പാലരുവിയെ തൃപ്പൂണിത്തുറയിൽ എത്തിച്ചശേഷം വന്ദേഭാരതിനെ കയറ്റിവിട്ടിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെടുന്ന 16302 വേണാടിന്റെ സമയം എറണാകുളത്തെ ജോലിക്കാർക്ക് അനുകൂലമാകുന്ന വിധം അഞ്ചുമിനിറ്റ് പിന്നോട്ടാക്കുകയും വൈകീട്ട് എറണാകുളം ടൗണിൽനിന്ന് പുറപ്പെടുന്ന പാലരുവിയുടെ സമയം അഞ്ചുമിനിറ്റ് മുന്നോട്ടാക്കുകയും ചെയ്ത റെയിൽവേ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഫ്രണ്ട്സ് ഓൺ റെയിൽസ് അറിയിച്ചു. യാത്രക്കാരുടെ നിരന്തര ആവശ്യങ്ങളെ റെയിൽവേ പരിഗണിക്കുന്നതിൽ സന്തോഷമുണ്ടെന്നും രാവിലത്തെ പാലരുവിയുടെ സമയത്തിൽകൂടി മാറ്റം അനിവാര്യമാണെന്നും അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.