കോട്ടയം: കലക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ശാരീരിക അവശത അനുഭവിക്കുന്നവർക്ക് ആശ്വാസമായാണ് ലിഫ്റ്റ് സ്ഥാപിച്ചത്. എന്നാലിപ്പോൾ ഈ ലിഫ്റ്റിനടുത്ത് എത്തിക്കിട്ടാൻ കഷ്ടപ്പെടണം. വഴി മുടക്കി പാർക്ക് ചെയ്യുന്ന വാഹനങ്ങളാണ് തടസ്സം.
വീൽചെയറിലും മറ്റുമെത്തുന്ന ഭിന്നശേഷിക്കാർക്ക് റാമ്പിലേക്ക് കയറാനാവാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങളും കാറുകളും റാമ്പിനോടു ചേർന്നാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഭിന്നശേഷിക്കാരായവർ ഇവിടെ വരെ വന്ന് നിരാശയോടെ മടങ്ങിപ്പോകുകയാണ്. ചിലർ ഗതികെട്ട് വാഹനം എടുത്തുമാറ്റുന്നതുവരെ കാത്തുനിൽക്കും. ലിഫ്റ്റിനു അടുത്തു വരെ വാഹനത്തിൽ വന്നിറങ്ങാനും കഴിയുന്നില്ല.
കലക്ടറേറ്റില്‍ മൂന്നു നിലയിലായി അമ്പതിലധികം ഓഫിസുകളുണ്ട്. ഓരോ നിലയിലും അംഗപരിമിത ജീവനക്കാരുണ്ട്. ഇവർക്ക് രണ്ടാം നിലയിലും മൂന്നാം നിലയിലും പടികയറി എത്തുക സാധ്യമല്ല. സാധാരണക്കാരും വാഹനങ്ങൾക്കിടയിലൂടെ ഞെരുങ്ങിയാണ് ലിഫ്റ്റിനടുത്തെ കാവടത്തിലെത്തുന്നത്. 2018ലാണ് കലക്ടറേറ്റിൽ കോടതിയോടു ചേർന്ന് പുതുതായി സ്ഥാപിച്ച ലിഫ്റ്റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. ദിനംപ്രതി ജീവനക്കാരും സന്ദർശകരുമായി ആയിരത്തിലേറെ പേരെത്തുന്ന കലക്ടറേറ്റിൽ ലിഫ്റ്റ് തുറന്നത് ഏറെ ആശ്വാസകരമായിരുന്നു.
കേരളത്തിൽ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കലക്ടറേറ്റാണ് കോട്ടയം. പൊതുജനങ്ങൾക്ക് മികവാർന്നതും ഗുണനിലവാരവുമുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനും ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ച കലക്ടറേറ്റ് തങ്ങളെകൂടി പരിഗണിക്കണമെന്നാണ് ഭിന്നശേഷിക്കാരുടെ ആവശ്യം. അധികൃതർ ഇടപെട്ട് വാഹന പാർക്കിങ് ക്രമീകരിക്കണം. ലിഫ്റ്റിനു മുന്നിലെ റാമ്പിലൂടെ മഴ നനയാതെ പ്രവേശിക്കാൻ സംവിധാനം കൂടി ഒരുക്കണമെന്നും ഭിന്നശേഷിക്കാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.