കോട്ടയം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിൽ 25374 അപേക്ഷകർ. 22517 അപേക്ഷ ജില്ലയിൽ നിന്നും 2857 അപേക്ഷകൾ മറ്റു ജില്ലകളിൽനിന്നുമാണ്. എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച 19940 പേരും സി.ബി.എസ്.ഇ പത്താംക്ലാസ് വിജയിച്ച 1909 പേരും ഐ.സി.എസ്.ഇ സിലബസിൽനിന്ന് 233 പേരും മറ്റ് വിഭാഗത്തിൽനിന്ന് 435 പേരും പ്ലസ് വണിന് അപേക്ഷിച്ചിട്ടുണ്ട്.
ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 21986 സീറ്റുകളാണുള്ളത്. സർക്കാർ സ്കൂളുകളിൽ 5100, എയ്ഡഡ് സ്കൂളുകളിൽ 13800, അൺ-എയ്ഡഡ് സ്കൂളുകളിൽ 3,086 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. ഇത്തവണ 18813 പേരാണ് കോട്ടയത്തുനിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത്.
ഇവർക്കെല്ലാം ഉപരിപഠനത്തിന് അവസരം ലഭിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പഠിച്ചവരിൽ നിശ്ചിതശതമാനത്തിനും സീറ്റ് കിട്ടും. കഴിഞ്ഞ വർഷം 21958 സീറ്റുകളിലേക്ക് 22897 അപേക്ഷകളാണ് ലഭിച്ചത്. 11286 പേർക്ക് ആദ്യഅലോട്ട്മെന്റ് ലഭിച്ചിരുന്നു. ഇത്തവണ 380 അപേക്ഷകൾ കുറവുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പത്താംക്ലാസ് പഠിച്ചവരിൽ ഒരുവിഭാഗം സംസ്ഥാന സിലബസിലേക്ക് മാറും. ഇവർ എത്തിയാലും ജില്ലയിലെ പ്ലസ്വൺ പ്രവേശനം ക്ലേശകരമാകില്ലെന്നാണ് സൂചന. പത്താംക്ലാസ് വിജയിച്ച എല്ലാ വിദ്യാർഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കില്ല. ഒരു വിഭാഗം പോളിടെക്നിക്, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ കോഴ്സുകളിലേക്കു തിരിയും. കഴിഞ്ഞ വർഷം ജനറൽ വിഭാഗത്തിൽ ആദ്യ അലോട്ട്മെന്റിൽ തന്നെ പ്രവേശനം പൂർത്തിയായിരുന്നു. പ്രവേശന നടപടി പൂർത്തിയായപ്പോൾ 5626 പ്ലസ് വൺ സീറ്റുകൾ ജില്ലയിൽ അവശേഷിച്ചു.
വിദ്യാർഥികളുടെ കുറവു കാരണം വിവിധ ഗവ. ഹയർ സക്കൻഡറി സ്കൂളുകളിൽ നിന്നായി നാലുബാച്ചുകൾ വടക്കൻ ജില്ലകളിലേക്കു മാറ്റുകയാണ് ചെയ്തത്. ജില്ലയിൽ മൊത്തം 133 പ്ലസ്ടു സ്കൂളുകളാണുള്ളത്. ഇതിൽ സർക്കാർ -41, എയ്ഡഡ് -71, അൺ എയ്ഡഡ് -21 എന്നിങ്ങനെയാണ് സ്കൂളുകളുടെ കണക്ക്. മേയ് 29നാണ് ട്രയൽ അലോട്ട്മെന്റ്. ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്റും 12ന് രണ്ടാം അലോട്ട്മെന്റും 19 ന് മൂന്നാം അലോട്ട്മെന്റും നടക്കും. 24 നാണ് ക്ലാസ് ആരംഭിക്കുക. മുൻ വർഷം ക്ലാസ് തുടങ്ങിയത് ജൂലൈ അഞ്ചിനായിരുന്നു. സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.