പൊൻകുന്നം: പടനിലത്ത് വന്നാൽ ഇനി സൗജന്യമായി ജിമ്മനാകാം. തുറസ്സായ സ്ഥലത്ത് പണം കൊടുക്കാതെ പൊതുജനങ്ങൾക്കായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓപൺ ജിം ഒരുക്കുന്നു.
എയർ വാക്കർ സിംഗിൾ, ആം ലെഗ് പെഡൽ സൈക്കിൾ, ലെഗ് എക്സ്റ്റൻഷൻ, ഡബിൾ ട്വിസ്റ്റർ എന്നീ ഉപകരണങ്ങളാകും ആദ്യഘട്ടത്തിൽ ജിമ്മിലുണ്ടാകുക. പൊൻകുന്നം- പ്ലാച്ചേരി റോഡിന്റെ വശത്തായി പടനിലത്താകും പദ്ധതി നടപ്പിലാക്കുന്നത്. പ്രഭാത സവാരിക്കാർക്കടക്കം ഉപയോഗിക്കാം.കേരളത്തിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിക്കുന്നതെന്ന് പ്രസിഡന്റെ് മുകേഷ് കെ.മണി, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി എന്നിവർ പറഞ്ഞു.
ഉടൻ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജിംനേഷ്യം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഇവർ പറഞ്ഞു. യുവജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം ജീവിതശൈലി രോഗികൾ തടയാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി ഇരുവരും പറഞ്ഞു. നേരത്തേ പദ്ധതിക്കായി കെ.എസ്.ടി.പിയുടെ സ്ഥലം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ഇവർ അനുകൂലമായി പ്രതികരിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽപെടുത്തി തുക അനുവദിച്ചു. എന്നാൽ, പൊതുമരാമത്ത് സ്ഥലം വിട്ടുനൽകുവാൻ തയാറായില്ല. ഇതോടെ പദ്ധതി നടപ്പാക്കാൻ കഴിയുമോയെന്ന ആശങ്ക ഉയർന്നു. ഇതിനിടെ, സമീപത്ത് ചിറക്കടവ് പഞ്ചായത്തിന്റെ സ്ഥലം വിട്ടുനൽകാൻ അവർ തയാറായതോടെയാണ് പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.