പൊൻകുന്നം: രാത്രി നിർത്തിയിടുന്ന വാഹനങ്ങളുടെ മറവിൽ മദ്യപാനവും സാമൂഹികവിരുദ്ധ ശല്യവും നടക്കുന്നതിനാൽ പൊൻകുന്നം ബസ് സ്റ്റാൻഡിൽ രാത്രികാല പാർക്കിങ് വിലക്കി പൊലീസ്. ചിറക്കടവ് പഞ്ചായത്തിന്റെ ചുമതലയിലാണ് സ്വകാര്യ ബസ് സ്റ്റാൻഡ്.
പഞ്ചായത്ത് നൽകിയ പരാതിയിലാണ് പൊലീസ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയത്. സ്റ്റാൻഡിൽ നിർത്തിയിടാറുള്ള ബസുകളുടെ ഉടമകൾക്കും ജീവനക്കാർക്കും അറിയിപ്പ് നൽകാനാണ് അസോസിയേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ രാത്രി ബസുകൾ പാർക്ക് ചെയ്യുന്നുവെന്നും ഇതിന്റെ മറവിൽ മദ്യപാനമടക്കമുള്ള സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നതായുമാണ് പഞ്ചായത്ത് അധികൃതർ പരാതി നൽകിയത്. ഇതേതുടർന്ന് പൊൻകുന്നം എസ്.എച്ച്.ഒ ആണ് അസോസിയേഷന് നോട്ടീസ് നൽകിയത്.
ബസ് സ്റ്റാൻഡ്, പരിസരത്തെ കെട്ടിടങ്ങളുടെ ഒഴിഞ്ഞമൂലകൾ, രാജേന്ദ്രമൈതാനം, രാജേന്ദ്രമൈതാനത്തുനിന്ന് ചിറക്കടവ് റോഡിലേക്കുള്ള ഇടറോഡ്, ടൗൺഹാൾ റോഡ് എന്നിവിടങ്ങളിലും മദ്യപരുടെ ശല്യമേറിയതായി പരാതിയുണ്ട്. രാത്രി വഴിനടക്കാനാവാത്തവിധം പരസ്യമദ്യപാനവും മദ്യപർ തമ്മിലുള്ള സംഘട്ടനവും പതിവാണെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.