പൊൻകുന്നം: കഴിഞ്ഞദിവസങ്ങളിൽ പൊൻകുന്നത്തും സമീപങ്ങളിലും അയ്യപ്പഭക്തർക്കുണ്ടായ ബുദ്ധിമുട്ട് മുന്നിൽക്കണ്ട് മകരവിളക്ക് കാലത്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. ശബരിമല സീസണുമായി ബന്ധപ്പെട്ട സമയത്ത് തിരക്കുകൾമൂലം നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ അനിയന്ത്രിതമായ തിരക്ക് വന്നാൽ മുൻകാലങ്ങളിൽ പൊൻകുന്നം ഗവ. ഹൈസ്കൂൾ അടക്കമുള്ള പാർക്കിങ് ഒഴിവാക്കി ചിറക്കടവ് അമ്പലം, ഇളംകുളം ശ്രീധർമശാസ്ത ക്ഷേത്രം, കൂരാലി സ്കൂൾ എന്നിവിടങ്ങളിൽ പാർക്കിങ്, ഭക്ഷണം, കുടിവെള്ളം, പ്രാഥമികസൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനമെടുത്തു. ഇടത്താവളങ്ങളിൽ അയ്യപ്പഭക്തർക്ക് പ്രാഥമികസൗകര്യങ്ങൾക്ക് ഇ-ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
കോട്ടയം, ചങ്ങനാശ്ശേരി ഭാഗങ്ങളിൽനിന്ന് എമെത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾ പൊൻകുന്നം ടൗണിലേക്ക് എത്താതെ കറുകച്ചാലിൽനിന്ന് മണിമല വഴി എരുമേലിയിലേക്ക് തിരിച്ചുവിടാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. തിരക്ക് ഒഴിവാക്കാൻ പൊൻകുന്നം ടൗണിൽനിന്നും ചിറക്കടവ് അമ്പലം-പഴയിടം വഴി എരുമേലിയിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ട് വൺവേ സംവിധാനമൊരുക്കാനും യോഗം തീരുമാനിച്ചു. പ്രദേശങ്ങളിലെ തീർഥാടകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന് ദേവസ്വം ബോർഡും ജില്ല ഭരണകൂടവും ശ്രദ്ധചെലുത്തണമെന്ന് ചീഫ് വിപ്പ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. സുമേഷ് ആൻഡ്രൂസ്, ജില്ല പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.