പൊൻകുന്നം: പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡ് അടച്ചിട്ടത് യാത്രക്കാർക്ക് ദുരിതമായി. കംഫർട്ട് സ്റ്റേഷനു മുമ്പിലെ സ്ലാബുകൾ ഉറപ്പിക്കാനാണ് ഞായറാഴ്ച സ്റ്റാൻഡ് അടച്ചിട്ടത്. എന്നാൽ, മുന്നറിയിപ്പൊന്നും നൽകാതെ സ്റ്റാൻഡ് അടച്ചതുമൂലം യാത്രക്കാർ വലഞ്ഞു. ഞായറാഴ്ച രാവിലെ മുതൽ വിവിധ റൂട്ടുകളിലേക്കുള്ള ബസുകൾ ദേശീയപാതയിൽ നിർത്തിയാണ് യാത്രക്കാരെ ഇറക്കിയതും കയറ്റിയതും. ചങ്ങനാശ്ശേരി, കോട്ടയം, മുണ്ടക്കയം, കുമളി, എരുമേലി, മണിമല, പാലാ, പള്ളിക്കത്തോട്, തമ്പലക്കാട്, കൊടുങ്ങൂർ എന്നിങ്ങനെ പലയിടത്തേക്കുമുള്ള യാത്രക്കാർ ബസ് എവിടെയെന്നറിയാൻ തിരക്കിനിടയിലൂടെ അന്വേഷിച്ച് നടക്കേണ്ടി വന്നു.
ബസുകൾ കൂട്ടത്തോടെ വഴിയോരത്ത് നിരന്നതോടെ ഗതാഗതക്കുരുക്കുനുമിടയാക്കി. നിരവധി വാഹനങ്ങളുടെ ഇടയിലൂടെ യാത്രക്കാർ റോഡ് മുറിച്ച് കടന്നുവേണമായിരുന്നു തങ്ങളുടെ ബസ് കണ്ടെത്തി യാത്ര ചെയ്യാൻ. ഏതാനും മാസം മുമ്പ് കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായാണ് സ്ലാബുകൾ മാറ്റിയത്. തുടർന്ന് ശരിയായ വിധം ഇവ സ്ഥാപിച്ചില്ല. യാത്രക്കാർ നടക്കുന്ന ഭാഗത്ത് ഉയർന്നും താഴ്ന്നുമുള്ള സ്ലാബുകളിൽ കാൽതട്ടി പരിക്കുപറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരുയാത്രക്കാരി വീണ് പരിക്കേൽക്കുകയും ചെയ്തു. സ്ലാബുകളുടെ അരികിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളിയ നിലയിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.