പൊൻകുന്നം: ശബരിമല തീർഥാടകകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിൽ അപകടസാധ്യത ഒഴിവാക്കാൻ നടപടികളായിട്ടില്ല.
കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങി ഇതര സംസ്ഥാനത്തുനിന്നുള്ള അയപ്പഭക്തരും മലബാർ മേഖലയിൽനിന്നുള്ള ഭക്തരും ഏറ്റവുമധികം സഞ്ചരിക്കുന്ന റോഡാണിത്. ഇതുവരെ ഒരു മുന്നൊരുക്കവും ആരംഭിച്ചിട്ടില്ല. പാലാ-പൊൻകുന്നം റോഡും കൊല്ലം-തേനി ദേശീയപാതയും സംഗമിക്കുന്ന സ്ഥലമാണ് പൊൻകുന്നം ടൗൺ. ശബരിമലയിലേക്കുള്ള പ്രധാന കവാടങ്ങളിൽ ഏറെ തിരക്കുള്ള ഒന്നാണിവിടം. ദേശീയപാതയിലൂടെയും സംസ്ഥാനപാതയിലൂടെയും എത്തുന്ന അയപ്പഭക്തരുടെ വാഹനങ്ങൾ പൊൻകുന്നത്തുനിന്നുമാണ് എരുമേലിക്ക് തിരിയുന്നത്.
പാലാ-പൊൻകുന്നം റോഡിൽ അപകടങ്ങളുടെ പരമ്പരയാണ് അരങ്ങേറുന്നത്. മൂന്നു യുവാക്കളുടെ ജീവനെടുത്ത് ഒരാഴ്ചമുമ്പ് നടന്നതാണ് അവസാന ദുരന്തം. അപകടങ്ങൾ ഒഴിവാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തീർഥാടനം തുടങ്ങുന്നതോടെ വാഹനങ്ങളുടെ ഒഴുക്കായിരിക്കും. അമിതവേഗം നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്. ഇതിന് പുറമെ പ്രധാന സ്ഥലങ്ങളിലും അപകട മേഖലകളിലും മുന്നറിയിപ്പ് ബോർഡുകളും ദിശാസൂചക ബോർഡുകളും സ്ഥാപിക്കണം.
പൊൻകുന്നം ടൗണിലെ ട്രാഫിക് ലൈറ്റുകൾ തകരാറിലായിട്ട് മാസങ്ങളായി. ഇതുകാരണം വാഹനങ്ങൾ തോന്നുംപോലെയാണ് കടന്നുപോകുന്നത്.
ട്രാഫിക് ജങ്ഷനിൽ സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്ന വലിയ ബോർഡ് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുംവിധമാണ് സ്ഥാപിച്ചിരിക്കുന്നത്. സിഗ്നൽ സംവിധാനം പ്രവർത്തിച്ചില്ലെങ്കിൽ ഈ ബോർഡ് അപകടകാരണമാകും. പ്രധാന ജങ്ഷനുകളിൽ സീബ്രാലൈനുകൾ മാഞ്ഞുപോയിട്ട് നാളുകളായി.
വാഹനങ്ങൾ എരുമേലിക്ക് തിരിയുന്ന കെ.വി.എം.എസ് ജങ്ഷനിലും ചിറക്കടവ് ജങ്ഷനിലും ദിശാസൂചക ബോർഡുകളില്ല. ഓടകളിൽ ചപ്പുചവറുകൾ നിറഞ്ഞിരിക്കുന്നതിനാൽ മഴ പെയ്താൽ റോഡ് നിറഞ്ഞ് വെള്ളത്തിന്റെ കുത്തൊഴുക്കും ടൗണിലാകെ വെള്ളക്കെട്ടുമാണ്. റോഡിലെ മാഞ്ഞ അടയാള വരകൾ തെളിക്കാൻ ഇതുവരെ നടപടിയായിട്ടില്ല. അയ്യപ്പഭക്തർക്ക് അപകടരഹിത യാത്ര സുഗമമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.