പൊൻകുന്നം: ടിക്..ടിക്.. ഘടികാരത്തിന്റെ ചലനശബ്ദമാണ് ചിറക്കടവ് ചെന്നാക്കുന്ന് നിരപ്പേൽ എൻ.ജെ. രാമചന്ദ്രന്റെ വീടിന്റെ താളം. ഇരുനൂറോളം ക്ലോക്കുകളാണ് ഈ വീട്ടിലുള്ളത്. എല്ലാത്തിലും കൃത്യസമയം.
10 വർഷം മുമ്പ് തുടങ്ങിയ ഘടികാര ശേഖരണമാണ് രാമചന്ദ്രന്റെ വീടിനെ 'ക്ലോക്ക് ടവർ' ആക്കുന്നത്. സാധാരണ ക്ലോക്കുകൾക്ക് പുറമെ മലയാളം, ഹിന്ദി, അറബി അക്കങ്ങൾ രേഖപ്പെടുത്തിയ ക്ലോക്കുകളും ഇക്കൂട്ടത്തിലുണ്ട്. അക്കങ്ങളൊക്കെ സ്വയം വെട്ടിയെടുത്ത് പഴയ ക്ലോക്കിലെ അക്കങ്ങൾക്ക് പകരം ഒട്ടിച്ചുചേർത്തതാണ്.
ഇക്കൂട്ടത്തിൽ പിന്നോട്ടോടുന്ന സൂചികളുള്ളവയുമുണ്ട്. രാമചന്ദ്രന്റെ സ്പെഷൽ ഇനമായ പിന്നോട്ടോടുന്ന ക്ലോക്കിലും സമയം കൃത്യം. ഡയലിലെ അക്കങ്ങൾ അറബിക് ആണ്. അറബിഭാഷ വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്നതിനാൽ ആ രീതിയാണ് ക്ലോക്കിലും പരീക്ഷിച്ചത്. അറബിനാടുകളിൽപോലും ഇങ്ങനെയൊരു ക്ലോക്കില്ല.
അന്നാട്ടിലുൾപ്പെടെ ലോകത്തെല്ലായിടത്തും ക്ലോക്ക് വൈസ് തിരിയുന്ന ക്ലോക്കുകൾ മാത്രമാണുള്ളതെന്ന് രാമചന്ദ്രൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി റിട്ട.മെക്കാനിക്കാണ് രാമചന്ദ്രൻ. ക്ലോക്ക് റിപ്പയറിങ് തൊഴിലല്ലെങ്കിലും നന്നാക്കിയെടുക്കുന്ന ക്ലോക്കുകളെ സൂക്ഷിക്കുന്നത് അദ്ദേഹത്തിന്റെ ഹോബിയാണ്.
സഹോദരിയുടെ മകൾ ബി.എഡിന് പഠിക്കുമ്പോൾ അവൾക്കായി തെർമോകോളിൽ ക്ലോക്ക് ഉണ്ടാക്കിയ പരിചയത്തിൽനിന്നാണ് തുടക്കം. പിന്നീട് ഇത്തരത്തിൽ നിരവധി ക്ലോക്കുണ്ടാക്കി കുട്ടികൾക്ക് നൽകി. സുഹൃത്തുക്കളുടെ വീട്ടിലെത്തിയാൽ രാമചന്ദ്രൻ ആദ്യം നോക്കുന്നത് അവിടെ ഉപേക്ഷിക്കപ്പെട്ട ക്ലോക്കുകളുണ്ടോ എന്നാവും. അത് സ്വന്തമാക്കി, അതിന് ജീവൻ നൽകി തന്റെ വീടിന്റെ ചുവരിലെ ക്ലോക്കുകൾക്കൊപ്പം ഇടം നൽകും. ഇനിയും കൂടുതൽ ക്ലോക്കുകൾ വീട്ടിലേക്കെത്തുന്നത് കാത്തിരിക്കുകയാണ് രാമചന്ദ്രൻ. ഭാര്യ രമണിയും മകൾ മീരയും ഉൾപ്പെടുന്ന കുടുംബം പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.