പൊൻകുന്നം: പാചകവാതക വിലവർധനക്ക് പിന്നാലെ പച്ചക്കറിവില കുതിച്ചുയരുന്നത് വീടുകളിലെ അടുക്കളകളെ പ്രതിസന്ധിയിലാക്കുന്നു. ദിവസേനയെന്നപോലെ ഇത്തരം വിലക്കയറ്റങ്ങൾ കാരണം കുടുംബബജറ്റ് താളംതെറ്റുകയാണ്. മുപ്പതും നാൽപ്പതും രൂപയുണ്ടായിരുന്ന തക്കാളിപ്പഴവും ബീൻസ് പയറിന്‍റെയും വില തൊണ്ണൂറിലെത്തി. ഏത് നിമിഷവും സെഞ്ച്വറി അടിക്കാം. പച്ചപ്പയറിന്‍റെ വില 80 കടന്നു. കോവയ്ക്ക, കാബേജ്, ബീറ്റ്റൂട്ട് എന്നിവക്ക് മാത്രമാണ് വില കുറവുള്ളത്.
പച്ചമുളകിന്‍റെ വില നൂറുരൂപയിൽനിന്ന് കുറഞ്ഞ് 60 രൂപയായി. വലിയ വിലവിത്യാസമില്ലാതെ സമ്പോളക്ക് 25ഉം ഉരുളക്കിഴങ്ങിന് 35 രൂപയുമായി നിൽക്കുന്നത് അൽപം ആശ്വാസം നൽകുന്നു. വില വർധനവിന്‍റെ സൂചനയായി കടകൾക്ക് മുന്നിൽ ഒരോ സാധനകളുടെയും കുറഞ്ഞ വില പ്രദർശിപ്പിച്ച് ആൾക്കാരെ ആകർഷിച്ചിരുന്ന ചെറിയ ബോർഡുകൾ ഇല്ലാതായി.
കനത്ത മഴമൂലം കർണാടകയിൽനിന്ന് പച്ചക്കറി എത്താത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ചെറുകിട വ്യാപാരികൾ പറഞ്ഞു. മുമ്പ് നാട്ടിൻപുറത്തെ ഒരു ചെറുകടയിലേക്ക് ഒരു ലോഡ് പച്ചക്കറി എത്തിയിരുന്ന സ്ഥാനത്ത് മഴ കനത്തതോടെ മൂന്ന് കടകൾക്കായി ഒരു ലോഡ് പച്ചക്കറിയാണ് എത്തുന്നത്.
മഴ വീണ്ടും കനത്താൽ പച്ചക്കറിക്ക് വില കൂടുവാനും ഒപ്പം ദൗർലഭ്യം അനുഭവപ്പെടുവാനും സാധ്യതയുണ്ട്. ബന്ധപ്പെട്ട വകുപ്പുകളും അധികാരികളും അടിയന്തരമായി ഇടപെട്ടാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൃത്യമായി കൂടുതൽ പച്ചക്കറികൾ എത്തിക്കുവാൻ കഴിയുമെന്നും അതുവഴി വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിർത്താമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. പാചകവാതക- ഇന്ധന വിലവർധനക്ക് പിന്നാലെ പച്ചക്കറികളുടെയും വില വർധന ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.