കോട്ടയം: കോട്ടയം-കുമളി (കെ.കെ റോഡ്) റോഡ് നവീകരിക്കുന്നു. ആദ്യഘട്ടമായി മണർകാട് മുതൽ വാഴൂർ ചെങ്കൽപ്പള്ളി വരെ 21 കിലോമീറ്റർ ആധുനിക നിലവാരത്തിലാക്കും. ദേശീയപാത 183ന്റെ ഭാഗമായ കെ.കെ റോഡ് ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വീതികൂട്ടി വികസിപ്പിക്കുന്നത്.
16 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുക. ഇതിനായുള്ള പ്രാരംഭ സർവേ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ ഉടൻ സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കും.
ഇതിനൊപ്പം മണർകാട്, പാമ്പാടി, വെള്ളൂർ, പുളിക്കൽ കവല, കൊടുങ്ങൂർ ജങ്ഷനുകളും നവീകരിക്കും. റോഡ് വീതികൂട്ടുന്നതിനൊപ്പം വളവ് നിവർത്തൽ, ബസ്ബേ നിർമാണം, ആധുനിക ട്രാഫിക് മാർക്കിങ്ങുകൾ, ടേക് എ ബ്രേക്ക് സംവിധാനം, പാർക്കിങ് സൗകര്യങ്ങൾ, സൗന്ദര്യവത്കരണ പ്രവൃത്തികൾ, മീഡിയനുകൾ എന്നിവയും സജ്ജീകരിക്കും.
എം.സി റോഡിലെ മണിപ്പുഴയിൽനിന്ന് ഈരയിൽകടവ്, ദേവലോകം, പുതുപ്പള്ളി വഴി മണർകാട്ടേക്ക് പുതിയ ബൈപാസും ആലോചനയിലുണ്ട്. ഇതോടെ കലക്ടറേറ്റ്, കഞ്ഞിക്കുഴി ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ആലോചന. രണ്ടാംഘട്ടമായി മുണ്ടക്കയം വരെ നവീകരണം നടക്കും.
1870ൽ നിർമിച്ച റോഡ്, 2004ലാണ് ദേശീയപാതയായി ഉയർത്തിയത്. കേരളത്തിൽ ആദ്യം റബറൈസ്ഡ് ടാറിങ് നടത്തിയതും കെ.കെ റോഡിലായിരുന്നു. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന റോഡിൽ വൻ തിരക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. നിരവധി ജങ്ഷനുകളിലുടെയാണ് കടന്നുപോകുന്നത്.
വിവിധ ഘട്ടങ്ങളിലായി മുഴുവൻ ജങ്ഷനുകളും വികസിപ്പിക്കും. സീസൺ സമയങ്ങളിൽ നൂറുകണക്കിണ് അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.
കോട്ടയം: എം.സി റോഡിലെ ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള ഭാഗവും നവീകരിക്കുന്നു. എം.സി റോഡിന്റെ ചെങ്ങന്നൂർ മുതൽ കോട്ടയം ഐഡ ജങ്ഷൻ വരെയുള്ള ഭാഗം ദേശീയപാത അതോറിറ്റി കൊല്ലം സബ് ഡിവിഷന്റെ കീഴിലാണ്. ഈ ഭാഗമാണ് വികസിപ്പിക്കുന്നത്. 39 കോടി രൂപ ചെലവിലാണ് 36 കിലോമീറ്റർ നവീകരണം. റോഡ് പൂർണമായും ടാറിങ് നടത്തും. എന്നാൽ, വീതി കൂട്ടില്ല.
മുന്നറിയിപ്പ് ബോർഡുകൾ, സിഗ്നൽ സംവിധാനം, സീബ്രാലൈനുകൾ, അപകട മേഖല അറിയിക്കുന്ന ബ്ലിങ്കർ ലൈറ്റുകൾ എന്നിവ സ്ഥാപിക്കും. മേൽപാലങ്ങളുടെ താഴ്ന്ന സമീപനപാതകൾ ഉയർത്തും. റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കുന്നതിനൊപ്പം ചങ്ങനാശ്ശേരി നഗരത്തിലടക്കം നടപ്പാതകളുടെ നവീകരണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.