പുതുപ്പള്ളി: ‘ഒന്നുകൊണ്ടും വിഷമിക്കരുത്. കൂടെയുണ്ടാവും’ ചാണ്ടി ഉമ്മന്റെ വാക്കുകൾ ഏറെ പ്രതീക്ഷയോടെയാണ് സതിയമ്മ കേട്ടത്. വോട്ടു ചെയ്യും എന്ന് പറഞ്ഞതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട സതിയമ്മയെ വീട്ടിൽ സന്ദർശിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ പ്രചാരണ ഉദ്ഘാടന സ്ഥലത്തേക്ക് ബുധനാഴ്ച പുറപ്പെട്ടത്.
വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ മുന്നിൽനിന്നാണ് ബുധനാഴ്ച പ്രചരണം ആരംഭിച്ചത്. ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തിൽ സ്ഥാനാർഥി സന്ദർശനം നടത്തിയ ശേഷമാണ് ഉദ്ഘാടന വേദിയിലെത്തിയത്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പ്രചരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തെ തകർത്ത സർക്കാറിനെതിരെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും ഓണം വന്നിട്ടും സപ്ലൈകോയിൽ വരെ സാധനങ്ങൾ ഇല്ലത്ത അവസ്ഥയാണന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇ-പോസ് മിഷൻ തകരാറാവുന്നതുകൊണ്ട് റേഷൻ കടയിൽ സാധനങ്ങൾ കൊടുക്കാൻ കഴിയുന്നില്ലെന്നും ചാണ്ടി ഉമ്മൻ ജയിച്ചാൽ കേരളത്തിലെ ഭരണമാറ്റത്തിന്റെ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി. സിദ്ദീഖ് എം.എൽ.എ, എം.എം. നസീർ, നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, സജി മഞ്ഞക്കടമ്പിൽ, ജോൺസൺ വർഗീസ്, പി.ആർ. സോന, ഗിരീശൻ എന്നിവർ സംസാരിച്ചു.
സ്ത്രീകളും മുതിർന്നവരും അടക്കമുള്ള വലിയ ജനക്കൂട്ടമാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ വഴിയോരത്ത് തടിച്ചുകൂടിയത്. തച്ചക്കുന്ന്, പയ്യപ്പാടി, എസ്.എൻ.ഡി.പി ജങ്ഷൻ, ലക്ഷംവീട് പരിയാരം, കൈതപ്പാലം, വെട്ടത്തുകവല, കാഞ്ഞിരത്തുംമൂട്, കുമരംകോട്, തലപ്പാടി, റബ്ബർ ബോർഡ്, പൂമറ്റം, എന്നിവിടങ്ങളിലും സ്ഥാനാർഥി പര്യടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.