കോട്ടയം: മണർകാട് പെരുന്നാളിന്റെ സമാപനത്തിനു പിന്നാലെ മറ്റൊരു ആഘോഷത്തിലേക്ക് ചുവടുവെക്കുകയായിരുന്നു പുതുപ്പള്ളി. മണ്ഡലം ഇതുവരെ കാണാത്ത ആരവത്തിന്റെ പകലായിരുന്നു വെള്ളിയാഴ്ച കണ്ടത്.
ഉമ്മൻ ചാണ്ടി നേടിയ 12 വിജയാഘോഷങ്ങളെയും മറികടന്ന ആഘോഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പുതുപ്പള്ളിയിലെ യു.ഡി.എഫ് പ്രവർത്തകരും ഒപ്പം ചേർന്നതോടെ എങ്ങും ഉത്സവാന്തരീക്ഷം.
ഉച്ചക്ക് 12നു ശേഷമാണ് ഉപതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതെങ്കിലും വെള്ളിയാഴ്ച രാവിലെ എട്ടരയോടെ തന്നെ കോട്ടയത്തും പുതുപ്പള്ളിയിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി നാലു വോട്ടിന് ചാണ്ടി ഉമ്മന്‍ മുന്നില്‍ എത്തിയപ്പോള്‍തന്നെ തുടങ്ങി ആരവം.
ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളുമായായിരുന്നു പ്രവർത്തകർ എത്തിയത്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുനില വന്നതോടെ പുതുപ്പള്ളി കവല ജനനിബിഡമായി. മൂന്നാം റൗണ്ട് വോട്ട് എണ്ണല്‍ പൂര്‍ത്തിയായതോടെ ആവേശം അണപൊട്ടി. പുതുപ്പള്ളി കവല കേന്ദ്രീകരിച്ചായിരുന്നു ആഘോഷമത്രയും. പൂത്തിരി കത്തിച്ചും പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഘോഷമാക്കി. മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ചെണ്ടകൊട്ടിയും നൃത്തം ചെയ്തും ആവേശ തീവ്രത വര്‍ധിപ്പിച്ചു.
എല്‍.ഡി.എഫിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് കൈതോലപ്പായയും ബിരിയാണി ചെമ്പുമായാണ് ചില പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചത്. നിമിഷങ്ങള്‍ കഴിയുംതോറും പ്രവര്‍ത്തകരുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു.
പത്തരയോടെ ചാണ്ടി ഉമ്മന്‍ പ്രവര്‍ത്തകരുടെ മധ്യത്തിലേക്ക് എത്തിയതോടെ ആവേശം നിയന്ത്രാണീതതമായി. എടുത്തുയര്‍ത്തി. മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവർത്തകൾ ആവേശത്തോടെ മുദ്രാവാക്യം വിളികളുമായി രംഗത്തിറങ്ങി. പഞ്ചായത്ത് ആസ്ഥാനങ്ങളിലെല്ലാം ആഹ്ലാദപ്രകടനങ്ങളും നടന്നു. സന്തോഷത്തിനൊപ്പം നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മനും പങ്കുചേർന്നത് പ്രവർത്തകരുടെ ആവേശം ഇരട്ടിപ്പിച്ചു. ഇതിനിടെ, ഡി.സി.സി ഓഫിസിലെത്തി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള നേതാക്കളെയും ചാണ്ടി ഉമ്മൻ സന്ദർശിച്ചിരുന്നു.
മണര്‍കാട് മാലത്തുണ്ടായ സംഘര്‍ഷം ആശങ്കക്ക് കാരണമാകുകയും ചെയ്തു. ചാണ്ടി ഉമ്മന്‍ പള്ളിയിലും ക്ഷേത്ര ദര്‍ശനത്തിനുമായി മണര്‍കാട് എത്തിയിരുന്നു. ചാണ്ടി തിരികെ പോയ ശേഷം മണർകാട് മാലം കോളജ് ജങ്ഷനിൽ ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. അതിനിടെ കല്ലേറുണ്ടായി. ഒടുവിൽ ഇരുവിഭാഗത്തെയും ഏറെ പ്രയാസപ്പെട്ട് പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍, അബിൻ വർക്കി എന്നിവരും സ്ഥലത്തെത്തിയിരുന്നു. സംഘർഷത്തിനിടെ അബിൻ വർക്കിക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യ സംഘർഷം പൊലീസ് ഇടപെട്ട് പരിഹരിച്ചെങ്കിലും വീണ്ടും ഇരുവിഭാഗവും ഏറ്റുമുട്ടി.
കോട്ടയം: തൃക്കാക്കരക്ക് സമാനമായി യു.ഡി.എഫ് നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ കൂടി ഫലമാണ് പുതുപ്പള്ളിയിലെ മിന്നും ജയം. തൃക്കാക്കരക്ക് സമാനമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി തുടങ്ങിയത് മുതൽ വോട്ടെടുപ്പ് ദിനത്തിൽ ഉൾപ്പെടെ കണ്ടത് ചിട്ടയായ പ്രചാരണ പ്രവർത്തനമായിരുന്നു.
തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നേരത്തേ ആരംഭിക്കാനായതും ഗുണം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടെത്തി ഡി.സി.സി നേതൃയോഗങ്ങളിലും പ്രദേശിക നേതാക്കളുടെ യോഗങ്ങളിലും പങ്കെടുത്തു. ബൂത്തുകളില്‍ നേതാക്കള്‍ക്ക് ചുമതല നല്കി. സജീവമല്ലാതിരുന്ന ബൂത്തുകള്‍ പൊളിച്ചു പണിതു. എല്ലാം സൂക്ഷ്മമായി ഏകോപിപ്പിച്ചു. ഫലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴേക്കും യു.ഡി.എഫിന്റെ സംഘടന സംവിധാനം കുറ്റമറ്റതാക്കാനായി.
പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയില്‍ ക്യാമ്പ് ചെയ്തു. എല്ലാ ദിവസവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കാണേണ്ടവരെ നേരിട്ട് കണ്ടു. ഒരിടത്തും യു.ഡി.എഫ് സംവിധാനം പിന്നോട്ട് പോകാതിരിക്കാനുള്ള ശ്രദ്ധവെച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്താത്ത ഒരു വീട് പോലും മണ്ഡലത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു. ഹൗസ് സ്ക്വാഡുകളും അവര്‍ കൊണ്ടുപോകേണ്ട മെറ്റീരിയലുകളെ സംബന്ധിച്ചും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തീരുമാനമായി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം സുഗമമാക്കാന്‍ പുതുപ്പള്ളി നിയമസഭ മണ്ഡലത്തിന്റെ ഇന്‍ ചാര്‍ജുമാരായി മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കെ.സി. ജോസഫിനെയും നിയോഗിച്ചു. ഇത് കൂടാതെ കെ.പി.സി.സി ഭാരവാഹികളെയും എം.പിമാരെയും എം.എല്‍.എമാരെയും പഞ്ചായത്തുകളിലെ പ്രചരണച്ചുമതല ഏൽപിച്ചു.
സാമുദായിക നേതൃത്വങ്ങളെ കൂട്ടിയിണക്കുന്നതിനും അവരെ യു.ഡി.എഫിനൊപ്പം നിര്‍ത്തുന്നതിനും പ്രത്യേക പദ്ധതികളുണ്ടായിരുന്നു. മാധ്യമ ശ്രദ്ധയില്‍നിന്ന് മാറിയാണ് സാമുദായിക നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ പ്രതിപക്ഷ നേതാവിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്നത്. മണ്ഡലങ്ങളുടെ ചുമതലയുള്ള എല്ലാവരെയും പങ്കെടുപ്പിച്ച് ദിവസേന നാല് അവലോകന യോഗങ്ങള്‍. നടത്തി. 300 കുടുംബയോഗങ്ങള്വരെ സംഘടിപ്പിച്ചു.
എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, വി.എം. സുധീരന്, ശശി തരൂര്‍, കെ. മുരളീധരന്, പി.ജെ. ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, എന്‍.കെ. പ്രേമചന്ദ്രന്, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍ തുടങ്ങി കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കള്‍ ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. അതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞ സ്വപ്നതുല്യമായ ജയം പുതുപ്പള്ളിയിൽ സമ്മാനിച്ചതെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.