ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഓങ്കോളജി വിഭാഗത്തിൽ രോഗികൾക്ക് റേഡിയേഷൻ നൽകുന്ന യന്ത്രം തകരാറിലായതോടെ അർബുദ രോഗികൾക്ക് ചികിത്സ വൈകുന്നു. രോഗികൾക്ക് ലീനിയർ ആക്സിലേറ്റർ യന്ത്രം വഴിയാണ് ഈ ചികിത്സ നൽകുന്നത്. ഈ യന്ത്രത്തിന്റെ ചില്ലർ ക്യാപ്സൂൾ ഭാഗമാണ് കേടായത്. യന്ത്രം ഉപയോഗിക്കുമ്പോൾ അതിന്റെ താപനില നിയന്ത്രിക്കുന്ന ഭാഗമാണിത്. ബ്ലൂസ്റ്റാർ കമ്പനിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച യന്ത്രം തകരാറിലായപ്പോൾ കമ്പനിയുടെ സാങ്കേതിക വിദഗ്ധൻ യന്ത്രം നന്നാക്കിയിരുന്നു. തിങ്കളാഴ്ച വീണ്ടും കേടായി. കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുഴുവനായി മാറ്റി വെക്കണമെന്ന് നിർദേശിച്ചു. ഇതിന് എട്ടു ലക്ഷം രൂപ വിലവരും. 12 വർഷം പഴക്കമുള്ള യന്ത്രമാണിത്.
ഒന്നു മുതൽ ഒന്നര മണിക്കൂർ സമയം കൊണ്ട് 25രോഗികൾക്കു വരെ റേഡിയേഷൻ നൽകാൻ കഴിഞ്ഞിരുന്നു. എന്നാൽ, യന്ത്രം തകരാറിലായതോടെ ആറുരോഗികൾക്ക് റേഡിയേഷൻ നൽകാനേ കഴിയുന്നുള്ളൂ. സ്വകാര്യ ആശുപത്രികളിൽ രണ്ടു ലക്ഷം രൂപ വരെ ചെലവു വരുന്ന റേഡിയേഷൻ ചികിത്സക്ക് മെഡിക്കൽ കോളജിൽ പരമാവധി 25,000 രൂപ മാത്രമാണ് ചെലവു വരുന്നത്. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ന്യൂക്ലിയർ മെഡിസിൻ വിഭാഗം ഇല്ല
മെഡിക്കൽ കോളജിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗവും സജ്ജീകരിച്ചിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഈ സംവിധാനം നിലവിലുള്ളപ്പോഴാണ് മധ്യ തിരുവിതാംകൂറിലെ അർബുദ ബാധിതർക്ക് ഈ ചികിത്സ നിഷേധിക്കപ്പെടുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ഭാഗത്തുള്ള രോഗിക്ക് തിരുവനന്തപുരത്തോ കോഴിക്കോട്ടോ പോയി ഈ ചികിത്സ തേടണം. അല്ലെങ്കിൽ വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ സമീപിക്കണം.
ലിഫ്റ്റ് പണിമുടക്കിയിട്ട് മാസങ്ങളായി
നടക്കാനാവാത്ത അവശരായ രോഗികളെ മുകളിലത്തെ നിലയിലെത്തിക്കണമെങ്കിൽ ലിഫ്റ്റിന്റെ സഹായം കൂടിയേ കഴിയൂ. എന്നാൽ, ലിഫ്റ്റ് കേടായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുമൂലം രോഗികളും സഹായികളും ഏറെ ദുരിതത്തിലാണ്. രോഗികളെ സ്ട്രെച്ചറിലോ വീൽചെയറിലോ മുകളിലത്തെ നിലയിൽ എത്തിക്കണമെങ്കിൽ റാമ്പ് സംവിധാനവും ഇവിടെയില്ല. ദിവസേന നൂറുകണക്കിന് അർബുദ ബാധിതർ ചികിത്സ തേടുന്ന കോട്ടയം മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വളരെയേറെയാണ്.
കത്ത് നൽകി
പഴയ യന്ത്രത്തിന്റെ തകരാർ പരിഹരിക്കുന്നതിനേക്കാൾ നല്ലത് പുതിയത് വാങ്ങുന്നതാണെന്ന് ഓങ്കോളജി വിഭാഗം മേധാവി ഡോ. ശിവരാമകൃഷ്ണൻ. ഇതു സംബന്ധിച്ച് കോളജ് പ്രിൻസിപ്പലിന് രേഖാമൂലം കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോബോൾട്ട് യന്ത്രം കേടായിട്ട് രണ്ടുവർഷം
മെഡിക്കൽ കോളജിൽ കോബോൾട്ട് യന്ത്രം കേടായിട്ട് രണ്ടുവർഷം. ഇതുമൂലം അർബുദ ചികിത്സയിൽ പ്രധാനമായ കോബോൾട്ട് തെറപ്പി നൽകാൻ കഴിയുന്നില്ല. ഈ യന്ത്രവും പുതുതായി വാങ്ങി സ്ഥാപിക്കണം. പുതിയ കെട്ടിടവും ഇതിനായി ഉണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.