കോട്ടയം: റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ഈ മാസം 30ന് കോട്ടയത്ത് ഉന്നതതലയോഗം ചേരും. വികസനപ്രവർത്തനം വിലയിരുത്തുന്നതിനും യാത്രക്കാരുടെ പരാതികൾ പരിഹരിക്കാനുമായി കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനിലും നടത്തിയ ജനസദസ്സുകളുടെ തുടർച്ചയായിട്ടാണ് യോഗമെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. രാവിലെ 10ന് നടക്കുന്ന യോഗത്തിൽ എം.എൽ.എമാർ, തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ഡോ. മനീഷ് തപൽ യാൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾ എന്നിവർ പങ്കെടുക്കും.
തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ഡോ. മനീഷ് തപൽ യാലുമായി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ജനസദസ്സിൽ ലഭിച്ച പരാതികളും നിർദേശങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ നിവേദനം ഡോ. മനീഷ് തപൽ യാലിന് എം.പി കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡി.ആർ.എം ഉറപ്പ് നൽകി. ചർച്ചകൾക്കായി തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജറുടെ ഓഫിസിൽ എത്തിയ ഫ്രാൻസിസ് ജോർജ് എം.പിയെ ഷാൾ അണിയിച്ച് ഡി.ആർ.എം സ്വീകരിച്ചു. ഡിവിഷൻ സീനിയർ എൻജിനീയർ കോഓഡിനേഷൻ എം. മാരിയപ്പൻ, സീനിയർ ഡിവിഷനൽ കമേഴ്ഷ്യൽ മാനേജർ വൈ. സെൽവിൻ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ ആർ. രഞ്ജിത്, നോർത്ത് ഡിവിഷനൽ എൻജിനീയർ വി. പ്രവീൺ, എ.കെ. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.