കോട്ടയം: ഞായറാഴ്ച വൈകീട്ട് പെയ്ത കനത്തമഴയെ തുടർന്ന് നഗരത്തിൽ വിവിധ ഓഫീസുകൾ, പ്രധാന റോഡുകൾ തുടങ്ങിയവ വെള്ളക്കെട്ടിൽ മുങ്ങി. ജില്ല കെ.എസ്.ഇ.ബി ഓഫീസ്, ചെല്ലിയൊഴുക്കം റോഡ്, ചന്തക്കടവ്, ബേക്കർ ജങ്ഷൻ, എസ്.എൻ.വി സദനം ഹോസ്റ്റൽ എന്നിവിടങ്ങളിൽ വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സ്റ്റാർ ജങ്ക്ഷന് സമീപമുള്ള കെ.എസ്.ഇ.ബിയുടെ സെൻട്രൽ ഓഫീസിൽ വെള്ളംകയറി. എം.സി റോഡരികിൽ വെള്ളപ്പൊക്കം രൂപപ്പെട്ടതിനെ തുടർന്ന് മതിൽ ഇടിഞ്ഞതാണ് ഓഫീസിലേക്ക് വെള്ളം കയറാൻ കാരണമായത്.
സ്റ്റോർ റൂമിൽ ഉൾപ്പടെ വെള്ളംകയറിയതിനെ തുടർന്ന് നിരവധി ഫയലുകളും നശിച്ചു. ചെല്ലിയൊഴുക്കം റോഡിൽ എസ്.എൻ.വി സദനം ഹോസ്റ്റലിന്റെ ഒന്നാം നിലയിലും സമീപത്തെ വീടുകളിലും വെള്ളംകയറി. നഗരത്തിലെ ഓടകൾ പലതും മൂടിപ്പോയതും വെള്ളമൊഴുകി പോകാൻ കൃത്യമായ സംവിധാനമില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം.
മഴക്കാലപൂർവ ശുചീകരണം നടത്താത്തതിനാൽ ഓടകൾ പലതും മാലിന്യങ്ങൾ അടിഞ്ഞുമൂടിയ നിലയിലാണ്. ഓടകൾക്ക് മൂടിയില്ലാത്തതും രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കുന്നു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതിയും മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.