മാന്തുരുത്തി: നെടുംകുന്നം-മാന്തുരുത്തി റോഡ് പുനർ നിർമിക്കാൻ നാലുകോടി രൂപ അനുവദിച്ചിട്ട് നാലു വർഷമായി. ഇതുവരെ കുഴി പോലും അടക്കാൻ കഴിഞ്ഞില്ലെന്ന് പ്രദേശവാസികൾ. തുക അനുവദിച്ചിട്ടുള്ളതിനാൽ അറ്റകുറ്റപ്പണി നടത്താറില്ല.
റോഡ് പൂർണമായി തകർന്നതോടെ പല ഭാഗങ്ങളിലും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. മഴ പെയ്താൽ റോഡിൽ മീറ്ററുകളോളം ചെളിവെള്ളമാണ്. ഇരുചക്രവാഹനങ്ങളടക്കം കുഴികളിൽ തെന്നി മറിയുന്നതും പതിവായി. ഓരോ ദിവസവും കുഴികളുടെ എണ്ണവും വലുപ്പവും വർധിച്ചു വരുന്നതായി യാത്രക്കാർ പറയുന്നു. ഒരുവശത്ത് നജൽ ജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് കുത്തിപ്പൊളിച്ചിട്ടുമുണ്ട്. തിരക്കേറിയ പി.ഡബ്ല്യു.ഡി റോഡിന്റെ നിർമാണം വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉള്ളത്.
മൂന്നര മീറ്റർ വീതിയുള്ള റോഡ് അഞ്ചര മീറ്റർ വീതിയിലാണ് പുനർനിർമിക്കുന്നത്. ഓടയും കലുങ്കുകളുമടക്കം പുനർനിർമിക്കാനാണ് പദ്ധതി. ഇതിനായി തുക അനുവദിച്ചതല്ലാതെ നിർമാണ ജോലികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഒന്നര വർഷം മുമ്പ് റെവന്യു-പി.ഡബ്ല്യു.ഡി അധികൃതരെത്തി അളവെടുത്ത് പോയിരുന്നു. മാന്തുരുത്തി കവലക്കു സമീപം റോഡിനോട് ചേർന്ന് വലിയൊരു കരിങ്കൽക്കെട്ട് നിർമിക്കേണ്ടതുണ്ട്.
എന്നാൽ കൽക്കെട്ട് നിർമിക്കുന്നതിനെ പ്രദേശവാസി എതിർത്തതും ഇതേ തുടർന്നുണ്ടായ തർക്കവും കാരണം പിന്നെയും പണി നീണ്ടുപോയി. തുടർന്ന് തയാറാക്കിയ പദ്ധതിരേഖക്ക് അംഗീകാരം കിട്ടിയില്ല. രണ്ടാമത് പദ്ധതി രേഖ സമർപ്പിച്ചതോടെ അംഗീകാരം ലഭിച്ചു. നിലവിൽ ജൽജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കാതെ നിർമാണം ആരംഭിക്കാൻ കഴിയില്ലെന്നും മറ്റ് തടസ്സങ്ങളൊന്നും ഇല്ലെന്ന് ചീഫ് വിപ്പ് എൻ. ജയരാജ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.