കോട്ടയം: കൈയേറ്റവും വഴിയോരക്കച്ചവടവും നിരോധിച്ചതായി മുനിസിപ്പാലിറ്റി ബോർഡ് വെച്ചതിന് ചുവട്ടിലും കച്ചവടം പൊടിപൊടിക്കുന്നു. ചാലുകുന്ന് -മെഡിക്കൽ കോളജ് റൂട്ടിലെ ചുങ്കത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപമാണ് ഈ അനധികൃത കച്ചവടം.
പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തിയാണ് കച്ചടവക്കാരെ ഒഴിപ്പിച്ച് ഇത് സർക്കാർ ഭൂമിയാണെന്ന് ബോർഡുവെച്ചത്. ആ ബോർഡിനെ നോക്കുകുത്തിയാക്കിയാണിപ്പോൾ കച്ചവടം.
ഏറെനാളായി കാത്തിരിപ്പുകേന്ദ്രവും പരിസരവും വഴിയോരക്കച്ചവടക്കാർ കൈയേറിയിരുന്നു. വാഹനങ്ങൾ റോഡിൽ നിർത്തിയാണ് ആളുകൾ സാധനങ്ങൾ വാങ്ങുന്നത്. ബൈക്കുകളും ഓട്ടോകളും കാറുകളുമടക്കം ഇവിടെ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. റോഡിെൻറ നടുവിൽ കയറി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് കാൽനടക്കാർ.
റോഡിെൻറ വീതി കുറഞ്ഞ ഭാഗമായതിനാലും ഹംപ് ഉള്ളതിനാലും രാവിലെയും വൈകീട്ടും തിരക്കുള്ള സമയത്ത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു ഈ വഴിയോരക്കച്ചവടം. മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകൾ ഇടതടവില്ലാതെ പോകുന്ന റോഡാണിത്. മാധ്യമവാർത്തകൾ വന്നതോടെ പൊലീസ് എത്തി കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിൽനിന്നു മാറിയിരിക്കാൻ കച്ചവടക്കാരോടു നിർദേശിച്ചിരുന്നു.
ചുങ്കം ബസ് സ്റ്റോപ്പിലെ വഴിയോരക്കച്ചവടം സംബന്ധിച്ചു നിരവധി പരാതി പൊതുജനങ്ങളിൽനിന്നു മുനിസിപ്പൽ സെക്രട്ടറിക്കു ലഭിച്ചിരുന്നു. ഒഴിപ്പിച്ചാലും പിന്നീട് തിരിച്ചെത്തുന്ന അവസ്ഥയാണ്. തിങ്കളാഴ്ചത്തെ കൗൺസിലിലും വിഷയം വന്നിരുന്നു.
കച്ചവടം തുടരുന്നുണ്ടെങ്കിൽ നടപടിയെടുക്കും. നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ തെരുവുകച്ചവടം വർധിച്ചു -കൗൺസിലർ ഡോ. പി.ആർ. സോന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.