പുന്നത്തുറ: ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം. പുന്നത്തുറ വെസ്റ്റ് കറ്റോട് ഭാഗം ദേവഗംഗയില്‍ ഭദ്രന് പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. 12 പവന്റെ സ്വര്‍ണാഭരണങ്ങളും 4000 രൂപയും കവർന്നു.
കണ്ണൂര്‍ കൊട്ടിയൂർ അമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഭദ്രന്പിള്ളയും ഭാര്യയും ഞായറാഴ്ച രാവിലെയാണ് വീടുപൂട്ടി പോയത്.
മറ്റാരും വീട്ടില്‍ ഇല്ലായിരുന്നു. ചൊവാഴ്ച രാവിലെ തിരികെ എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ വെട്ടിപ്പൊളിച്ച നിലയിലായിരുന്നു. അലമാരയും മറ്റു വസ്തുക്കളും നിലത്ത് വലിച്ചുവാരിയിട്ടിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവ് ശേഖരിച്ചു. അയല്‍വീട്ടിലെ സി.സി. ടി.വി ദ്യശ്യങ്ങളില്‍ അപരിചിതരായ മൂന്നുപേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദ്യശ്യങ്ങള്‍ സൂക്ഷ്മ പരിശോധനക്കായി പൊലീസ് ശേഖരിച്ചു. വീട് പൂട്ടി പോയത് വ്യക്തമായി അറിയുന്നവരാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.സി ടി.വി ദ്യശ്യങ്ങളുടെ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയാനാകുമെന്ന് ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ സോജോ വര്‍ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.