കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡിലെ റോട്ടറി ക്ലബിന്റെ ശൗചാലയം പൂട്ടി. ഇതോടെ സ്റ്റാൻഡിനെ ആശ്രയിക്കുന്ന നിരവധി പേരാണ് ദുരിതത്തിലായത്. ബിൽ അടക്കാത്തതിനാൽ വാട്ടർ കണക്ഷനും വിച്ഛേദിച്ചു.
രണ്ടു ദിവസം മുമ്പാണ് പരിസരത്തെ ഏകശൗചാലയം പൂട്ടിയത്. സ്റ്റാൻഡിലെ ഓട്ടോക്കാർ, ടാക്സി ഡ്രൈവർമാർ, കടകളിലെ ജീവനക്കാർ, എയ്ഡ് പോസ്റ്റിലെ പൊലീസുകാർ എന്നിവർക്ക് ഈ ശൗചാലയമാണ് ആശ്രയം. രാവിലെ മെഡിക്കൽ കോളജിലേക്കടക്കം പോകാൻ വരുന്ന യാത്രക്കാരും ശൗചാലയമില്ലാതെ വലയുകയാണ്. രാവിലെ അഞ്ചിനാണ് ശൗചാലയം തുറക്കുക. ഈ സമയം സ്റ്റാൻഡിനു സമീപം പത്രവിതരണത്തിന് എത്തുന്നവരടക്കം ഇതാണ് ഉപയോഗിക്കുന്നത്. കടകളിലെ വനിത ജീവനക്കാരാണ് ബുദ്ധിമുട്ടിലായത്.
പരിസരത്ത് തട്ടുകടകളല്ലാതെ ഉപയോഗിക്കാവുന്ന ഹോട്ടലുകളും ഇല്ല. ഇപ്പോൾ ഒരു കിലോമീറ്ററോളം നടന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശൗചാലയം ഉപയോഗിക്കണം. തിരുനക്കര മൈതാനത്ത് ഷീ ടോയ്ലറ്റ് ഉണ്ടെങ്കിലും കൃത്യമായി തുറക്കാറില്ല. ഗതികെട്ട പലരും സ്റ്റാൻഡിന്റെ പരിസരത്തുതന്നെയാണ് കാര്യം സാധിക്കുന്നത്. ദുർഗന്ധം മൂലം സ്റ്റാന്റഡിന്റെ പരിസരത്ത് നിൽക്കാനാകുന്നില്ല. നിലവിൽ സ്റ്റാൻഡിൽ നഗരസഭയുടെ പേ ആൻഡ് പാർക്കിങ്ങുണ്ട്.
ഇവിടേക്കും ദുർഗന്ധം കാരണം അടുക്കാനാകുന്നില്ല. സ്റ്റാൻഡിൽനിന്ന് പുറത്തുകടക്കുന്ന വഴിയിൽ എയ്ഡ് പോസ്റ്റിനോടു ചേർന്നാണ് ശൗചാലയം സ്ഥിതിചെയ്യുന്നത്. ബസ്സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബിന്റെ ശൗചാലയത്തിനും ഒഴിയാൻ നഗരസഭ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഇവർ കേസിനുപോയി സ്റ്റേ വാങ്ങുകയായിരുന്നു. പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി ശൗചാലയം പൊളിക്കാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.