30 വയസ്സിനുമുകളിലുള്ളവരിലെ പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ, അർബുദം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. സർവേയുടെ ഭാഗമായി രഹസ്യവിവരങ്ങൾ ശേഖരിക്കുന്നില്ല. രോഗവിവരങ്ങൾക്കൊപ്പം പുകവലി, മദ്യപാനം തുടങ്ങിയ ജീവിത രീതികളെകുറിച്ച് മാത്രമാണ് ചോദിക്കുന്നത്
കോട്ടയം: ജീവിതശൈലി രോഗനിർണയത്തിനുള്ള ആരോഗ്യവകുപ്പിന്റെ ‘ശൈലി’ ആപ്പിൽ രണ്ടാംഘട്ട വിവരശേഖരണം ആരംഭിച്ചു. ജില്ലയിൽ വിവരശേഖരണം 12 ശതമാനം പൂർത്തിയായി. മാർച്ചോടെ അവസാനിപ്പിക്കുകയാണ് ലക്ഷ്യം. 1500ലേറെ ആശ പ്രവർത്തകരാണ് സർവേക്കായി വീടുകൾ കയറിയിറങ്ങുന്നത്. 30 വയസ്സിനുമുകളിലുള്ളവരിലെ പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ, കാൻസർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. 10 ലക്ഷം പേരാണ് ജില്ലയിൽ 30 വയസ്സിനുമുകളിലുള്ളത്. വിദേശത്തും മറ്റുമായി കഴിയുന്ന ഒരു ലക്ഷത്തെ ഒഴിവാക്കി ബാക്കി ഒമ്പതുലക്ഷം ആളുകളിലാണ് ഒന്നാംഘട്ടസർവേ നടത്തിയത്. ഒരു ലക്ഷത്തിലേറെ പേർക്ക് പ്രമേഹവും അമിത രക്ത സമ്മർദ്ദവും ഉണ്ടെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. 43,000 പേർക്ക് രണ്ട് രോഗവുമുണ്ട്. നാലുചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി പുതുക്കിയ ചോദ്യാവലിയാണ് രണ്ടാംഘട്ടസർവേയിൽ ഉപയോഗിക്കുന്നത്. മാനസിക- ത്വക്ക് -കാഴ്ച-കേൾവി രോഗങ്ങൾ എന്നിവ സംബന്ധിച്ച ചോദ്യമാണ് പുതിയതായി ഉള്ളത്.
ഒരു വീട്ടിൽ ഒരു മണിക്കൂറിലേറെ ചെലവഴിക്കേണ്ടിവരുന്നതിനാൽ സർവേക്ക് സമയമെടുക്കും. 62 ചോദ്യങ്ങളാണ് ചോദ്യാവലിയിലുള്ളത്. ദിവസം അഞ്ചോ ആറോ വീടുകളിലേ കയറാനാവൂ. പദ്ധതിയെ കുറിച്ചുള്ള അജ്ഞത മൂലം വിവരങ്ങൾ നൽകാൻ മടിക്കുന്ന സാഹചര്യവുമുണ്ടെന്ന് ആശമാർ പറയുന്നു. ആശമാർ അറിയിക്കുന്നതനുസരിച്ച് ഇത്തരക്കാരെ ആരോഗ്യവകുപ്പിൽ നിന്നുള്ളവർ എത്തി വിവരങ്ങൾ ബോധ്യപ്പെടുത്തി സർവേയുടെ ഭാഗമാക്കുകയാണ് ചെയ്യുന്നത്.
സർവേയുടെ ഭാഗമായി രഹസ്യവിവരങ്ങൾ ശേഖരിക്കുന്നില്ല. രോഗവിവരങ്ങൾക്കൊപ്പം പുകവലി, മദ്യപാനം തുടങ്ങിയ ജീവിത രീതികളെകുറിച്ച് മാത്രമാണ് ചോദിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് തുടർ പദ്ധതികൾ ആവിഷ്ക്കരിക്കും.
ഒന്നാംഘട്ടസർവേയിലെ വിവരങ്ങൾ അനുസരിച്ച് ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ 330 ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തം, വ്യായാമം, സൂംബ നൃത്തം തുടങ്ങിയവയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ പ്രവർത്തനം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.