കോട്ടയം: ജംബോ സർക്കസിലെ വലിയ പൊട്ടിച്ചിരിയാണ് മൂന്നര അടിക്കാരനായ ജോക്കർ കലാം ഖാൻ. ഒന്നു ചിരിക്കാൻ പറഞ്ഞാൽ നിർത്താതെ ചിരിക്കും. 14ാം വയസ്സിൽ സർക്കസിൽ കേറിയപ്പോൾ കൂടെ കൂട്ടിയതാണ് ഈ ചിരി. 50ാം വർഷത്തിലും ആത്മവിശ്വാസത്തോടെ ആ ചിരി തുടരുകയാണ്. മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലാലുപ്രസാദ് യാദവിന്റെ മണ്ഡലമായ ബിഹാറിലെ ഗോപാൽ ഗഞ്ചിൽനിന്നാണ് കലാം ഖാന്റെ വരവ്. പിതാവ് കരീംഖാൻ കൃഷിപ്പണിക്കാരനായിരുന്നു. മാതാവ് ഇമാമാൻ ഖാത്തും. മാതാപിതാക്കൾ ഇപ്പോഴില്ല.
നാട്ടിൽ ഭാര്യ സബീറുത്താൻ ഖാത്തുമും ഒമ്പത് സഹോദരങ്ങളുമുണ്ട്. 1974ൽ അലങ്കാർ സർക്കസിലാണ് തുടക്കം. തുടർന്ന് വീനസ്, പനാമ സർക്കസുകളുടെ ഭാഗമായി. 1977 ഒക്ടോബർ രണ്ടിന് ജംബോ സർക്കസ് തുടങ്ങിയ കാലം മുതൽ ഒപ്പം ചേർന്നു.
സ്പ്രിങ് നെറ്റ്, പാലക്ക ആക്രോബാറ്റ്, ബോക്സിങ്, കോമഡി ഇനങ്ങൾ. 1982ൽ ‘കൂലി’ സിനിമയുടെ ഷൂട്ടിങ് സമയത്ത് നടൻ അമിതാഭ് ബച്ചനെ കണ്ടുമുട്ടിയത് ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണെന്ന് കലാം ഖാൻ ഓർക്കുന്നു. കലാം ഖാൻ പടികൾക്കു മുകളിൽ കയറിയും ബിഗ് ബി താഴെനിന്നുമാണ് ഹസ്തദാനം നൽകിയത്. സിനിമയിലേക്ക് വിളിക്കുകയും ചെയ്തു. എന്നാൽ, തനിക്ക് സർക്കസ് വിട്ടൊരു ജീവിതമില്ലെന്നായിരുന്നു കലാം ഖാന്റെ മറുപടി. വെള്ളിത്തിരയിലെ ഒട്ടേറെ താരങ്ങളെ പരിചയപ്പെടാനും അവസരം ലഭിച്ചു. ഇവരുമൊത്തുള്ള ഫോട്ടോകൾ അടങ്ങിയ ആൽബം ഇദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. 50 വർഷത്തെ സർക്കസ് ജീവിതം കോട്ടയത്തെ ജംബോ സർക്കസ് തമ്പിൽ മാനേജ്മെൻറും സഹപ്രവർത്തരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.